ഡോക്‌ടർക്ക്‌ പരിചയക്കുറവ്'; വിവാദമായി ആരോഗ്യമന്ത്രിയുടെ പ്രസ്‌താവന

(www.kl14onlinenews.com)
(10-May-2023)

'ഡോക്‌ടർക്ക്‌ പരിചയക്കുറവ്'; വിവാദമായി ആരോഗ്യമന്ത്രിയുടെ പ്രസ്‌താവന
കൊട്ടാരക്കരയിൽ യുവ ഡോക്‌ടർ കൊല്ലപ്പെട്ട സംഭവത്തിൽ ഡോ. വന്ദനയ്ക്ക് പരിചയ സമ്പത്തുണ്ടായിരുന്നില്ലെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസ്‌താവനയിൽ വ്യാപക പ്രതിഷേധം. 'ആക്രമണം ഉണ്ടാകുമ്പോൾ കുട്ടി ഭയന്നിട്ടുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. ഓടാൻ സാധിക്കാതെ കുട്ടി വീണുപോയപ്പോൾ അക്രമിക്കപ്പെട്ടതാണ്' ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന് പിന്നാലെ പ്രസ്‌താവനയ്ക്ക് എതിരെ പ്രതിപക്ഷം ഉൾപ്പെടെ രംഗത്ത് വരികയും ചെയ്‌തു. ആരോഗ്യമന്ത്രിക്ക് മറുപടിയുമായി ഗണേഷ് കുമാർ എംഎൽഎയും രംഗത്തെത്തി. ലഹരിക്കടിമയായ ഒരാൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്ന് ഗണേഷ് കുമാർ ചോദിച്ചു.

അതേസമയം, പോലീസ് കസ്‌റ്റഡിയിലുള്ള പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്‌ടറെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചതായിരുന്നു. സര്‍ജിക്കല്‍ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്‌ടറെ ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചത്.

വീട്ടില്‍ വെച്ച് അതിക്രമങ്ങള്‍ നടത്തിയ സന്ദീപിനെ പോലീസും ബന്ധുക്കളും ചേര്‍ന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്കെത്തിച്ചത്. ആശുപത്രിയില്‍ വച്ച് കത്രിക കൊണ്ട് ഇയാള്‍ ഡോക്ടറെയും പൊലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു.

ഡോക്ടറുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു. നിരവധിത്തവണ കുത്തേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനിതാ ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തു

Post a Comment

Previous Post Next Post