മഹാരാഷ്ട്രയില്‍ ഗവർണർക്ക് തെറ്റുപറ്റിയെന്ന് സുപ്രീം കോടതി; ഷിൻഡെ സർക്കാരിന് തുടരാം 2023

(www.kl14onlinenews.com)
(11-May-2023)

മഹാരാഷ്ട്രയില്‍ ഗവർണർക്ക് തെറ്റുപറ്റിയെന്ന് സുപ്രീം കോടതി; ഷിൻഡെ സർക്കാരിന് തുടരാം

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ശിവസേനയിലെ അധികാര തര്‍ക്കത്തില്‍ നിര്‍ണായക നിരീക്ഷണങ്ങള്‍ നടത്തി സുപ്രീംകോടതി. മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് തുടരാം. വിശ്വാസ വോട്ടെടുപ്പ് നേരിടാതെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവെച്ചതിനാല്‍ പുനഃസ്ഥാപിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. താക്കറെ സ്വമേധയാ രാജിവെച്ചില്ലായിരുന്നെങ്കിൽ സർക്കാരിനെ നിലനിർത്താൻ കഴിയുമായിരുന്നു എന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് എംആര്‍ ഷാ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമാ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍.

സംസ്ഥാനത്തെ ഗവർണർക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സുപ്രീം കോടതി ഉന്നയിച്ചത്. താക്കറെ സര്‍ക്കാരിനുള്ള പിന്തുണ ആരും പിന്‍വലിച്ചിരുന്നില്ല. ചട്ടവിരുദ്ധമായാണ് മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. വിശ്വാസവോട്ടെടുപ്പിനുള്ള ഗവര്‍ണറുടെ തീരുമാനം തെറ്റാണ്. ഗവര്‍ണര്‍ക്ക് പുറമേ സ്പീക്കർക്കും തെറ്റുപറ്റിയെന്ന് സുപ്രീംകോടതി പറഞ്ഞു.

ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം നിര്‍ദേശിച്ച വിപ്പിനെ നിയമിച്ചതില്‍ സ്പീക്കര്‍ക്ക് പിഴവ് സംഭവിച്ചവെന്ന് കോടതി നിരീക്ഷിച്ചു. നിയമവിരുദ്ധമായാണ് സ്പീക്കര്‍ ഷിന്‍ഡെ വിഭാഗത്തിന്റെ വിപ്പിനെ നിയമിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

'പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം നല്‍കിയിരുന്നില്ല. സര്‍ക്കാരിന്റെ വിശ്വാസത്തെ സംശയിക്കാന്‍ ഗവര്‍ണറുടെ പക്കല്‍ വസ്തുനിഷ്ഠമായ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിച്ചിട്ടിമില്ല. ഇവിടെ എംഎല്‍എമാര്‍ സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കരുതി വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണര്‍ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു,' കോടതി നിരീക്ഷിച്ചു. ഗവർണറുടെ തീരുമാനം ഭരണഘടനാനുസൃതമായിരുന്നില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ഭരിക്കുന്ന പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മുതലെടുക്കാൻ വിശ്വാസ വോട്ടെടുപ്പ് ഉപയോഗിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു.

ചുരുക്കത്തിൽ മഹാരാഷ്ട്രയിലെ ശിവസേനയുടെ നേതൃത്വത്തിലുള്ള മുന്നണി സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കത്തിന് ഗവർണർ കൂട്ടു നിന്നു എന്ന് പരോക്ഷമായി സൂചിപ്പിക്കപ്പെട്ടിരിക്കുകയാണ്.

Post a Comment

Previous Post Next Post