രാജി പിൻവലിച്ച് ശരദ് പവാർ; അദ്ധ്യക്ഷ സ്ഥാനത്ത് തുടരും

(www.kl14onlinenews.com)
(05-May-2023)

രാജി പിൻവലിച്ച് ശരദ് പവാർ; അദ്ധ്യക്ഷ സ്ഥാനത്ത് തുടരും

മുംബൈ: എൻസിപി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നുളള രാജി പിൻവലിച്ച് ശരദ് പവാർ. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷമാണ് പവാർ തന്റെ നിലപാട് തിരുത്തിയത്. പ്രവർത്തകരുടെ വികാരങ്ങളും ആവശ്യങ്ങളും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് രാജി പിൻവലിച്ച ശേഷം ശരദ് പവാർ പറഞ്ഞു.
പാർട്ടി പ്രസിഡന്റായി തുടരാനാണ് തന്റെ തീരുമാനം. പുനഃരാലോചനയ്ക്ക് ശേഷമാണ് ഈ തീരുമാനത്തിലേക്ക് എത്തിയത് എന്നും ശരദ് പവാർ പറഞ്ഞു. ശരദ് പവാറിന്റെ പ്രഖ്യാപനത്തെ നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് പാർട്ടി പ്രവർത്തകർ സ്വീകരിച്ചത്.

ശരദ് പവാറിന്റെ രാജിക്കത്ത് ഇന്ന് കോർ കമ്മിറ്റി തളളിയിരുന്നു. ശരദ് പവാർ രാജി കത്ത് പിൻവലിക്കണമെന്നും വരും വർഷങ്ങളിലും അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. പുതിയ അദ്ധ്യക്ഷനെ തീരുമാനിക്കാനും പാർട്ടിയുടെ ഭാവി കാര്യങ്ങൾ തീരുമാനിക്കുന്നതിനുമായി ശരദ് പവാർ നിയോഗിച്ച കമ്മിറ്റിയാണ് രാജി ആവശ്യം തള്ളിയത്. രാജി പ്രഖ്യാപനത്തിന് പിന്നാലെ ശരദ് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലേ എൻസിപി ദേശീയ അദ്ധ്യക്ഷ ചുമതല ഏറ്റെടുത്തേക്കുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു.
തന്റെ ആത്മകഥാ പ്രകാശനത്തിനിടെയായിരുന്നു ശരദ് പവാറിന്റെ രാജി പ്രഖ്യാപനം. എന്നാൽ പവാറിന്റേത് അന്തിമ തീരുമാനമല്ലെന്ന് അന്ന് തന്നെ അനന്തരവൻ കൂടിയായി അജിത് പവാർ പ്രതികരിച്ചിരുന്നു. അജിത് പവാറും ശരദ് പവാറിന്റെ മകൾ സുപ്രിയ സുലേയും വൈകിട്ട് ശരദ് പവാറിനെ വസതിയിലെത്തി സന്ദർശിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം.

Post a Comment

Previous Post Next Post