(www.kl14onlinenews.com)
(30-May-2023)
തിരുവനന്തപുരം: ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭാ അമേരിക്കൻ മേഖലാസമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലെത്തും. ഇതിനുള്ള അനുമതി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രി കെ എൻ ബാലഗോപാൽ, നോർക്ക് റസിഡന്റ് വൈസ് ചെയർ പി ശ്രീരാമകൃഷ്ണൻ, ഡയറക്ടർമാരായ എം എ യൂസഫലി, രവി പിള്ള, ജെ കെ മേനോൻ, ഒ വി മുസ്തഫ എന്നിവരും ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘവുമാണ് കേരളത്തിൽ നിന്ന് മേഖലാ സമ്മേളനത്തിനെത്തുന്നത്.
ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്ക് ടൈംസ് സ്ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്രം നേരത്തേ അനുമതി നിഷേധിച്ചിരുന്നു. കേന്ദ്രാനുമതി സമയത്ത് ലഭിക്കാത്തതിനാൽ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ യുഎഇ യാത്രയും മുടങ്ങിയിരുന്നു. ലോക ബാങ്ക് ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ചർച്ച നടത്തും. പിന്നാലെ നടക്കുന്ന ക്യൂബ സന്ദർശനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർ മുഖ്യമന്ത്രിയെ അനുഗമിക്കും.
നേരത്തെ മുഖ്യമന്ത്രി മേയ് 7 മുതൽ 11 വരെ നടത്താനിരുന്ന യുഎഇ സന്ദർശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്നാണ് കേന്ദ്രം സർക്കാരിനെ അറിയിച്ചത്.
Post a Comment