ഇമ്രാൻ ഖാൻ പുറത്തേക്ക്...! എല്ലാ കേസുകളിലും ജാമ്യം, രണ്ടാഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന് കോടതി

(www.kl14onlinenews.com)
(12-May-2023)

ഇമ്രാൻ ഖാൻ പുറത്തേക്ക്...! എല്ലാ കേസുകളിലും ജാമ്യം, രണ്ടാഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന് കോടതി
ഇസ്ലമാബാദ്:
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് അശ്വാസം. രണ്ടാഴ്ച്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന് ഇസ്ലമാബാദ് ഹൈക്കോടതി ഉത്തരവിട്ടു. മെയ് 17 വരെ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനാകില്ല. ഇമ്രാൻ ഖാനെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇമ്രാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പാക് സുപ്രീം കോടതി ഇന്നലെ പ്രസ്താവിച്ചിരുന്നു. പിന്നാലെയാണ് ഇമ്രാൻ ഖാന് ഇസ്ലമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച മുൻകൂർ ജാമ്യാപേക്ഷ നൽകാൻ ഹാജരായപ്പോഴാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന നാഷണൽ അക്കൗണ്ടബിലിറഅറി ബ്യൂറോ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. കോടതി മുറിയിൽ കടന്ന് അറസ്റ്റ് ചെയ്ത നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് ഇമ്രാൻ ഖാനെ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

അറസ്റ്റിന് പിന്നാലെ പാകിസ്ഥാനിലുടനീളം വലിയ രീതിയിലെ അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അൽ ഖാദിർ ട്രസ്റ്റ് കേസിലടക്കമാണ് ഇമ്രാൻ ഖാന് ജാമ്യം ലഭിച്ചത്. അൽ ഖാദിർ ട്രസ്റ്റ് ഉപയോഗിച്ച് ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ സർക്കാരിലെ മറ്റ് ചില മന്ത്രിമാരും ബ്രിട്ടനിലെ നാഷണൽ ക്രൈം ഏജൻസി (എൻസിഎ) സർക്കാരിന് അയച്ച 5000 കോടി രൂപ തട്ടിയെടുത്തതായാണ് കേസ്

ഇമ്രാൻ ഖാന്റെ അറസ്റ്റ് അസാധു: സുപ്രീംകോടതി

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് പാകിസ്ഥാൻ സുപ്രീം കോടതി അസാധുവാക്കി. ഇമ്രാനെ ഉടൻ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറഞ്ഞ കോടതി അനുയായികളെ നിയന്ത്രിക്കാൻ ഇമ്രാന് നിർദേശം നൽകുകയും ചെയ്തു. കോടതിക്കുള്ളിൽ നിന്ന് ആരെയും അറസ്റ്റ് ചെയ്യരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.

പിടിഐ തലവൻ ഇമ്രാൻ ഖാനെ ചൊവ്വാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് നിന്നാണ് പാകിസ്ഥാൻ റേഞ്ചേഴ്‌സ് അറസ്റ്റ് ചെയ്യുന്നത്. അൽ ഖാദിർ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മെയ് ഒന്നിന് റാവൽപിണ്ടിയിലെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) ഇമ്രാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

അറസ്റ്റിനെ തുടർന്ന് ഇമ്രാൻ ഖാന്റെ അനുയായികൾ റാവൽപിണ്ടിയിലെ പാക് സൈനിക ആസ്ഥാനത്തും ലാഹോറിലെ കോർപ്‌സ് കമാൻഡറുടെ വസതിയിലും അതിക്രമിച്ചു കയറി. പാകിസ്ഥാനിലെ പല നഗരങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെട്ടു.

അതിനിടെ, ഇമ്രാൻ ഖാന്റെ അറസ്റ്റിനെ പിന്തുണച്ച ഇസ്ലാമാബാദ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടി ബുധനാഴ്ച സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഒരു മണിക്കൂറിനകം കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.

Post a Comment

Previous Post Next Post