കര്‍ണാടകയില്‍ അടിപതറി ബിജെപി; തോല്‍വിക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍... 2023

(www.kl14onlinenews.com)
(13-May-2023)

കര്‍ണാടകയില്‍ അടിപതറി ബിജെപി; തോല്‍വിക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍...

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരികയാണ്. 36 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 224 നിയമസഭാ മണ്ഡലങ്ങളിലേക്കുളള വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. ഇതുവരെയുള്ള പ്രവണതയനുസരിച്ച് ഭരണകക്ഷിയായ ബിജെപിയെ പിന്നാലാക്കി കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്നതായാണ് കാണുന്നത്. ബിജെപി 80 സീറ്റില്‍ താഴെയായി ചുരുങ്ങുകയാണ്. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ജയപരാജയത്തെക്കുറിച്ച് ഇതിനോടകം ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ശക്തമായ ഒരു മുഖത്തിന്റെ അഭാവവും രാഷ്ട്രീയ സമവാക്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതുമാണ് കര്‍ണാടകയില്‍ ബിജെപിയുടെ ദയനീയ പരാജയത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പൊതുവെ വിലയിരുത്തുന്നത്.
1. കരുത്തുറ്റ മുഖത്തിന്റെ അഭാവം

കര്‍ണാടകയില്‍ ബിജെപിയുടെ തോല്‍വിക്ക് ഏറ്റവും വലിയ കാരണമായി കണക്കാക്കുന്നത് ശക്തനായ ഒരു നേതാവിന്റെ അസാന്നിധ്യമാണ്. യെദ്യൂരപ്പയ്ക്ക് പകരം ബസവരാജ് ബൊമ്മൈയെ ബിജെപി മുഖ്യമന്ത്രിയാക്കിയെങ്കിലും കാര്യമായ സ്വാധീനമൊന്നും ബൊമ്മൈ ഉണ്ടാക്കിയില്ല. അതേസമയം ഡികെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും പോലെ ശക്തരായ മുഖങ്ങളായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്.

2. അഴിമതി

ബിജെപിയുടെ തോല്‍വിക്ക് പിന്നിലെ പ്രധാന കാരണം അഴിമതിയാണ്.ആദ്യം മുതല്‍ തന്നെ കോണ്‍ഗ്രസ് ബിജെപിക്കെതിരെ അഴിമതി ആരോപണങ്ങളുമായി രംഗത്തുണ്ടായിരുന്നു. അഴിമതിയുടെ പേരില്‍ എസ് ഈശ്വരപ്പയ്ക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വരികയും ഒരു ബി.ജെ.പി എം.എല്‍.എക്ക് ജയിലില്‍ പോകേണ്ടിയും വന്നു. ഇത് കൂടാതെ സംസ്ഥാന കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. ഈ വിഷയങ്ങളെല്ലാം തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തലവേദനയായി തുടര്‍ന്നെങ്കിലും പാര്‍ട്ടിക്ക് ഇതിന് പരിഹാരം കാണാനായിരുന്നില്ല.

3. രാഷ്ട്രീയ സമവാക്യം നിലനിര്‍ത്താനായില്ല

കര്‍ണാടകയിലെ രാഷ്ട്രീയ സമവാക്യം നിലനിര്‍ത്തുന്നതില്‍ ബിജെപി പരാജയപ്പെട്ടു. ബിജെപിക്ക് അവരുടെ പ്രധാന വോട്ട് ബാങ്കായ ലിംഗായത്ത് സമുദായത്തെ കൂടെ നിര്‍ത്താനോ ദളിത്, ആദിവാസി, ഒബിസി, വൊക്കലിംഗ സമുദായങ്ങളുടെ ഹൃദയം കീഴടക്കാനോ കഴിഞ്ഞില്ല. മറുവശത്ത്, മുസ്ലിം, ദളിത്, ഒബിസി വിഭാഗങ്ങളെ കൂടെ നിര്‍ത്താനും ലിംഗായത്ത് സമുദായത്തില്‍ സ്വാധീനമുണ്ടാക്കാനും കോണ്‍ഗ്രസിന് സാധിച്ചു.

4. ധ്രുവീകരണ നീക്കം ഫലിച്ചില്ല

കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ ഒരു വര്‍ഷമായി ഹലാല്‍, ഹിജാബ് തുടങ്ങി നിരവധി വിഷയങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബജ്‌റംഗ്ബലിയും കടന്നുവന്നു. എന്നാല്‍ ഈ മതധ്രുവീകരണ ശ്രമങ്ങളൊന്നും ബിജെപിക്ക് അനുകൂല ഫലം നല്‍കിയില്ല. ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയപ്പോള്‍, ബിജെപി, ബജ്റംഗ്ദളിനെ ബജ്റംഗ് ബലിയുമായി ബന്ധിപ്പിച്ച് തീവ്രമായ ഹിന്ദുത്വ കാര്‍ഡ് കളിച്ചെങ്കിലും ഈ ശ്രമവും ഫലം കണ്ടില്ല.

5. യെദ്യൂരപ്പയെപ്പോലുള്ള മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തിയത്

കര്‍ണാടകയില്‍ ബിജെപിയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ഈ തിരഞ്ഞെടുപ്പില്‍ മുന്നണിയില്‍ നിന്ന് അല്‍പം വിട്ടു നിന്നിരുന്നു. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിനും മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദിക്കും ബിജെപി ടിക്കറ്റ് നിഷേധിക്കുകയും ഇരു നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്ന് മത്സരരംഗത്തേക്ക് കടക്കുകയും ചെയ്തു. യെദ്യൂരപ്പ, ഷെട്ടാര്‍, സവാദി, മൂവരും ലിംഗായത്ത് സമുദായത്തിന്റെ ഏറ്റവും വലിയ നേതാക്കളായിരുന്നു. ഇതും ബിജെപിയ്ക്ക് തിരിച്ചടിയായി.

6. ഭരണ വിരുദ്ധ തരംഗത്തെ തടയാനായില്ല

കര്‍ണാടകയിലെ ബിജെപിയുടെ തോല്‍വിക്ക് പ്രധാന കാരണം ഭരണ വിരുദ്ധ തരംഗത്തെ പ്രതിരോധിക്കാന്‍ ഒരു മാര്‍ഗം കണ്ടെത്താന്‍ കഴിയാത്തതാണ്.ബി.ജെ.പി ഭരിക്കുന്നതിനാല്‍ തന്നെ അവര്‍ക്കെതിരെ ജനരോഷവും ഭരണവിരുദ്ധ തരംഗവും നിലനിന്നിരുന്നു. അതിനെ നേരിടുന്നതില്‍ ബിജെപി പൂര്‍ണ്ണമായും പരാജയപ്പെട്ടു.

Post a Comment

Previous Post Next Post