പൊട്ടിത്തെറിക്ക് മുമ്പ് മൊബൈൽ ഫോൺ ചില സൂചനകൾ തരും: മുന്നറിയിപ്പുമായി പോലീസ്

(www.kl14onlinenews.com)
(18-May-2023)

പൊട്ടിത്തെറിക്ക് മുമ്പ് മൊബൈൽ ഫോൺ ചില സൂചനകൾ തരും: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മൊബൈൽ ഫോണുകളെന്ന് പോലീസ് വ്യക്തമാക്കി. കുഞ്ഞുങ്ങൾക്കു കൊടുക്കുമ്പോൾ മാത്രമല്ല, മുതിർന്നവർ ഉപയോഗിക്കുമ്പോഴും നമ്മുടെ മൊബൈൽ ഫോണിൽ ശ്രദ്ധിക്കേണ്ടതായ ഒട്ടേറെ കാര്യങ്ങളുണ്ട്. അപകടം വരുന്നതിന് മുൻപു മൊബൈൽ ഫോൺ തന്നെ പലവിധത്തിലും നമുക്ക് സിഗ്നൽ തരുന്നുണ്ട്. പോസിറ്റീവ് – നെഗറ്റീവ് ഇലക്ട്രോഡുകളടങ്ങിയ ലിഥിയം- അയൺ ബാറ്ററികളാണ് സ്മാർട്ട്‌ഫോണുകളിലുള്ളത്. ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാറുണ്ടായാൽ അത് ഫോണിനെ മുഴുവൻ ബാധിക്കും. തുടക്കത്തിലേ ഇത് ശ്രദ്ധിച്ചാൽ വലിയ അപകടം ഒഴിവാക്കാം. ഫോണിന് പതിവിലും ചൂട് കൂടുന്നു, ചാർജ് പെട്ടെന്ന് തീരുന്നു, ചാർജ് കയറാൻ താമസം എന്നിവയാണ് മൊബൈൽ ഫോണിന് തകരാറുണ്ടെന്നതിന് ആദ്യം ലഭിക്കുന്ന സൂചന. മൊബൈൽ ഫോണുകൾ താഴെ വീഴുമ്പോൾ ചെറുതോ വലുതോ ആയ തകരാർ അതിന് സംഭവിക്കുന്നുണ്ട്

താഴെ വീണാൽ മൊബൈൽ ഒരു സർവീസ് സെന്ററിൽ കൊടുത്ത് പരിശോധിച്ച് പ്രശ്‌നമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയേ വീണ്ടും ഉപയോഗിക്കാവൂ. ഇല്ലെങ്കിൽ ഫോണിലുണ്ടായ നേരിയ വിള്ളലോ പൊട്ടലോ വഴി വെള്ളം അല്ലെങ്കിൽ വിയർപ്പ് തുടങ്ങിയവ ബാറ്ററിയിലേക്ക് പ്രവേശിക്കാൻ കാരണമാകും. അത് ഡിസ്‌പ്ലേയിലൂടെയോ ഫോണിന്റെ മറ്റ് ഭാഗങ്ങളിലൂടെയോ ആകാം. അതുകൊണ്ടു തന്നെ തകരാർ വന്ന മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടകരമാണ്. അതിവേഗം ചാർജ് കയറുന്ന അഡാപ്റ്ററുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. ഇവ തിരഞ്ഞെടുക്കുന്നതിലും ജാഗ്രത വേണമെന്ന് പോലീസ് നിർദ്ദേശം നൽകി.

സ്മാർട്ട്‌ഫോണുകൾക്കൊപ്പം ലഭിക്കുന്ന ചാർജറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. പവർ കൂടിയ ചാർജറുകൾ ഉപയോഗിക്കുന്നതിലൂടെ ബാറ്ററിയിലേക്കുള്ള സമ്മർദം കൂടാനും അത് മൊബൈൽ ഫോണിനെ പ്രതികൂലമായി ബാധിക്കാനും കാരണമാകും. ഡ്യൂപ്ലിക്കേറ്റ് ചാർജറുകൾ ഉപയോഗിക്കുന്നതും നല്ലതല്ല. മൊബൈൽ ഫോണിലുണ്ടായിരുന്ന ബാറ്ററിക്കു പകരം മറ്റ് ബാറ്ററികൾ ഉപയോഗിക്കുന്നതും ദോഷകരമാണ്. മൊബൈൽ ഫോണിന്റെ സുരക്ഷയ്ക്കു തന്നെ ഇത് വെല്ലുവിളിയാണ്. ഗുണമേന്മയില്ലാത്ത ലിഥിയം അയൺ ബാറ്ററികൾ ഉപയോഗിക്കുന്നത് മൊബൈൽ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കാൻ കാരണമാകും. ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ മൊബൈൽ ഫോൺ പെട്ടെന്ന് പതിവിലും ചൂടാകുന്നതായി തോന്നിയാൽ അത് മാറ്റി വയ്ക്കുക. ചാർജ് ചെയ്യുകയാണെങ്കിൽ സ്വിച്ച് ഓഫ് ചെയ്ത് മാറ്റി വയ്ക്കുന്നതാണ് നല്ലത്. ഡ്രൈവിങിനിടെ കാറിലെ ചാർജിങ് അഡാപ്റ്ററിൽ ഫോൺ കുത്തിയിടുന്നതിലും നല്ലത് പവർ ബാങ്ക് ഉപയോഗിക്കുന്നതാണ്. കാറിൽ ഉപയോഗിച്ചിരിക്കുന്ന അഡാപ്റ്ററുകളും വയറിംങും മറ്റും അത്രത്തോളം സുരക്ഷിതമാകണമെന്നില്ല. പവറിലുണ്ടാകുന്ന വ്യത്യാസം ചിലപ്പോൾ മൊബൈൽ ബാറ്ററിക്ക് തകരാറുണ്ടാക്കാം. തന്മൂലം മൊബൈൽ പൊട്ടിത്തെറിക്കുന്ന സാഹചര്യം വരെ കാര്യങ്ങളെത്തിയാൽ അത് വൻ ദുരന്തത്തിലാകും കലാശിക്കുക. രാത്രി മുഴുവൻ മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി കുത്തിയിടുന്ന സ്വഭാവം ചിലർക്കുണ്ട്. ഇതും നല്ലതല്ല. എല്ലായ്‌പ്പോഴും നൂറ് ശതമാനം ചാർജ് കയറിയതിനു ശേഷം മാത്രമേ ഫോൺ ചാർജറിൽ നിന്ന് വേർപെടുത്താവൂ എന്നില്ല. തൊണ്ണൂറ് ശതമാനം ചാർജായാൽ തന്നെ മതി. ഇത് ബാറ്ററി ഈട് നിൽക്കാനും സഹായിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

കൂടുതൽ സമയം മൊബൈൽ ഫോൺ ചാർജ് ചെയ്യാനിട്ടാൽ അത് ബാറ്ററിക്ക് തകരാറുണ്ടാക്കും എന്നതിൽ സംശയമില്ല. ചാർജ് ചെയ്യാനായി കുത്തിയിടുമ്പോൾ മൊബൈൽ ഫോണിലേക്ക് ചൂട് നേരിട്ടടിക്കുന്ന സാഹചര്യം ഒഴിവാക്കണം. സൂര്യപ്രകാശമോ മറ്റെന്തെങ്കിലും തരത്തിലുള്ള ചൂടോ മൊബൈലിലേക്ക് നേരിട്ടടിക്കുന്നത് നല്ലതല്ല. ചാർജിങ്ങിനിടെ മൊബൈലിന്റെ മുകളിൽ എന്തെങ്കിലും വയ്ക്കുന്നതും ഒഴിവാക്കണം. പവർ സ്ട്രിപ്പുകൾ അല്ലെങ്കിൽ എക്സ്റ്റൻഷനുകൾ ഉപയോഗിച്ച് മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതും ഒഴിവാക്കണം. ഇത് ഷോർട്ട് സർക്യൂട്ടിന് കാരണമായേക്കും. സ്മാർട്ട്‌ഫോണുകൾക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറുണ്ടായൽ കമ്പനി സർവീസ് സെന്ററുകളെ സമീപിക്കുന്നതാണ് നല്ലത്. ഏതെങ്കിലും കടയിൽ കൊടുത്ത് നന്നാക്കാം എന്നു വിചാരിച്ചാൽ അത് റിസ്‌ക് ഇരട്ടിയാക്കുമെന്ന് ഓർക്കണം. ഇങ്ങനെ ചെറിയ ചില കാര്യങ്ങളിലെ കരുതൽ നമ്മുടെ കയ്യിലെ മൊബൈൽ ഫോണിലൂടെയുണ്ടാകാവുന്ന അപകടം ഇല്ലാതാക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

Post a Comment

أحدث أقدم