ഒറ്റയ്ക്കു വരാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു; ഡി.കെ ഡല്‍ഹിക്ക് തിരിച്ചു

(www.kl14onlinenews.com)
(16-May-2023)

ഒറ്റയ്ക്കു വരാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു; ഡി.കെ ഡല്‍ഹിക്ക് തിരിച്ചു
ബെംഗളൂരു : തന്നെ അനുകൂലിക്കുന്നവർ, അല്ലാത്തവർ എന്ന് എംഎൽഎമാരെ ഭിന്നിപ്പിക്കാനില്ലെന്ന് കർണാടക കെപിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ. രണ്ട് കണ്ണുണ്ടെങ്കിലും കാഴ്ച ഒന്നാണ്. അതിനാൽ എല്ലാവരെയും ഒന്നായി കാണുന്നു. തന്നോട് ഒറ്റയ്ക്ക് ഡൽഹിക്ക് വരാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതുപ്രകാരം പോവുകയാണെന്ന് ഡികെ വ്യക്തമാക്കി. ഹൈക്കമാന്‍ഡ് ആവശ്യപ്രകാരം ഡി.കെ.ശിവകുമാര്‍ ഡല്‍ഹിക്ക് തിരിച്ചു.

‘പാർട്ടി ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്തു. പാർട്ടി അമ്മയെപോലെയാണ്. മകന് ആവശ്യമായത് നൽകും. അണികൾ ഉണ്ടെങ്കിലേ നേതാവുണ്ടാകൂ. പ്രവർത്തകർ എന്റെ കൂടെയുണ്ട്.’– ഡി.കെ. ശിവകുമാർ പറഞ്ഞു.

അതേസമയം, കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ഈമാസം പതിനെട്ടിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഹൈക്കമാൻഡ് ചർച്ചകൾ ഡൽഹിയിൽ തുടരും. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായത്തിലെത്തിയ ശേഷം തുടര്‍നടപടികള്‍ മതിയെന്ന തീരുമാനത്തിലാണ് ഹൈക്കമാന്‍ഡ്.

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഞായറാഴ്ച രാത്രി ബെംഗളൂരുവിൽ ഹൈക്കമാൻ‍ഡ് നിരീക്ഷകർ വിളിച്ച എംഎൽഎമാരുടെ യോഗത്തില്‍ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും പദവിക്കായി അണിയറനീക്കം ശക്തമാക്കിയിരുന്നു. തങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തി മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്ന് സിദ്ധരാമയ്യയുടെ അനുയായികൾ യോഗത്തിൽ പരസ്യമായി ആവശ്യപ്പെട്ടതോടെ അദ്ദേഹത്തിന് ഭൂരിപക്ഷം ലഭിച്ചേക്കുമെന്ന സൂചനയുയർന്നു. ഇതോടെ, ശിവകുമാർപക്ഷവും ഭൂരിപക്ഷം അവകാശപ്പെട്ടു രംഗത്തിറങ്ങി. ഒരുഘട്ടത്തിൽ ഇരുക്യാംപും 75 വീതം എംഎൽഎമാർ തങ്ങൾക്കൊപ്പമാണെന്ന് അവകാശപ്പെട്ടു.

തുടർന്ന് സുശീൽകുമാർ ഷിൻഡെയുടെ നേതൃത്വത്തിലുള്ള നിരീക്ഷകസംഘം എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്കു കണ്ട് അഭിപ്രായം തേടി. ഇതിനുപിന്നാലെ, സിദ്ധരാമയ്യയോടും ശിവകുമാറിനോടും ഡൽഹിയിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ചു. എംഎൽഎമാർക്കിടയിൽ സിദ്ധരാമയ്യയ്ക്കാണു ഭൂരിപക്ഷമെന്നു മനസ്സിലാക്കിയതോടെയാണു ശിവകുമാർ ഇന്നലെ നിലപാടു കടുപ്പിച്ചതെന്നാണു സൂചന. ഇതിനിടെ, വൊക്കലിഗ സമുദായവും ലിംഗായത്തിലെ ഒരു വിഭാഗവും തനിക്കു പിന്തുണ പ്രഖ്യാപിച്ചത് ശിവകുമാറിന്റെ ആത്മവിശ്വാസം കൂട്ടി.

കർണാടകയിൽ സസ്പെൻസ് മുറുകിയതോടെ, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല എന്നിവർ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ഡൽഹിയിലെത്തി. മലയാളി എംഎൽഎ കെ.ജെ.ജോർജ് ഉൾപ്പെടെയുള്ള വിശ്വസ്തർക്കൊപ്പം സിദ്ധരാമയ്യയും പിന്നാലെ ഡൽഹിയിലേക്കു പറന്നു. അതുവരെ കർണാടക കേന്ദ്രീകരിച്ചു നടന്ന നീക്കങ്ങൾ ഡൽഹിയിലേക്കു കളം മാറിയെങ്കിലും ശിവകുമാർ ബെംഗളൂരുവിൽ തുടർന്നതു പോരു മുറുകുന്നതിന്റെ സൂചന നൽകി.

Post a Comment

Previous Post Next Post