'ഏറെ ദുഃഖകരം, പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടു'; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

(www.kl14onlinenews.com)
(10-May-2023)

'ഏറെ ദുഃഖകരം, പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടു'; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കൊല്ലം കൊട്ടാരക്കര ആശുപത്രിയില്‍ പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിങ്. പൊലീസിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. സംഭവത്തില്‍ സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സ്‌പെഷ്യല്‍ സിറ്റിങിലൂടെ കേസ് പരിഗണിച്ചത്. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടുകയല്ലെ വേണ്ടതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. സംഭവം ഏറെ ദുഖഃകരമാണ്. രാജ്യത്ത് ഇതിന് മുമ്പ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ? യുവഡോക്ടറുടെ നിര്യാണത്തില്‍ കോടതി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പൊലീസിന്‍റെ കൈയ്യിൽ തോക്കില്ലേ? ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പൊലീസിനില്ലേ? പിന്നെ എന്തിനാണ് പൊലീസിന് തോക്ക് കൊടുക്കുന്നത്? ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ വികാരപരമായി മാത്രമേ കോടതിക്ക് കൂടി ഇടപെടാനാകൂ. കാരണം എന്തായാലും സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി.

ഈ സംഭവം നാളെ മറ്റൊരു ആശുപത്രിയില്‍ നടക്കില്ലെ എന്ന് ചോദിച്ച കോടതി ഭാവിയിലും ഇത്തരം സംഭവങ്ങള്‍ പ്രതീക്ഷിച്ച് വേണം പൊലീസ് സുരക്ഷ ഒരുക്കേണ്ടതെന്നും നിര്‍ദേശിച്ചു. പ്രതിക്ക് മുന്നിലേക്ക് ഡോക്ടറെ എറിഞ്ഞ് കൊടുക്കുന്നത് ശരിയാണോ? സുരക്ഷ ഏര്‍പ്പെടുത്തേണ്ടത് കോടതിയല്ല, സര്‍ക്കാരാണെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിനോട് നാളെ ഓൺലൈനായി കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഡോക്ടർ വന്ദനയ്ക്കെതിരെ ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം. സ്ഥലം മജിസ്ട്രേറ്റ് താലൂക്കാശുപത്രി സന്ദർശിച്ച് സംഭവങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച് നാളെ രാവിലെ റിപ്പോർട്ട് നൽകണം. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവ്.

പ്രതികളെ മജിസ്ട്രേറ്റുമാർക്ക് മുന്നിൽ ഹാജരാക്കുമ്പോഴുളള അതേ സുരക്ഷാ ക്രമീകരണങ്ങൾ ഡോക്ടർമാരുടെ മുന്നിൽ ഹാജരാക്കുമ്പോഴും വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ അതിനുളള നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. നാളെ രാവിലെ 10ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

Post a Comment

Previous Post Next Post