ഐപിഎല്‍ എലിമിനേറ്ററില്‍ ഇന്ന് മുംബൈ-ലഖ്നൗ പോരാട്ടം

(www.kl14onlinenews.com)
(24-May-2023)

ഐപിഎല്‍ എലിമിനേറ്ററില്‍ ഇന്ന് മുംബൈ-ലഖ്നൗ പോരാട്ടം
ചെന്നൈ:ഐപിഎല്ലിൽ ഇന്ന് എലിമിനേറ്റർ പോരാട്ടം. മുംബൈ ഇന്ത്യൻസ് വൈകിട്ട് ഏഴരയ്ക്ക് ലഖ്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. ജയിക്കുന്നവർ ക്വാളിഫയറിൽ വെള്ളിയാഴ്ച ഗുജറാത്തിനെ നേരിടും. തോല്‍ക്കുന്നവര്‍ക്ക് പെട്ടി മടക്കാമെന്നതിനാല്‍ മുംബൈക്കും ലഖ്നൗവിനും ജീവൻ മരണ പോരാട്ടമാണ് ഇന്ന്. ജയിക്കുന്നവർ രണ്ടാം ക്വാളിഫയറിലേക്ക്.

നാടകീയമായാണ് മുംബൈ പ്ലേ ഓഫിലെത്തിയതെങ്കില്‍ തുട‍ർവിജയങ്ങളോടെ ആധികാരികമായിരുന്നു ലഖ്നൗവിന്‍റെ പ്ലേ ഓഫ് പ്രവേശനം. തുടക്കത്തിൽ കിതച്ച മുംബൈ ബാറ്റിംഗ് കരുത്ത് വീണ്ടെടുത്താണ് കിരീടം സ്വപ്നം കാണുന്നത്. സൂര്യകുമാർ യാദവിനൊപ്പം നായകൻ രോഹിത് ശർമ്മയും ഫോം വീണ്ടെടുത്തത് മുംബൈയ്ക്ക് പ്രതീക്ഷ നൽകുന്നു. കാമറൂൺ ഗ്രീനും ഇഷാൻ കിഷനും അവസരത്തിനൊത്ത് ബാറ്റ് വീശിയാൽ സ്കോർ ബോർഡ് സുരക്ഷിതമാവും.

ഹൈദരാബാദിനെതിരെ ഗ്രീൻ നേടിയ സെഞ്ച്വറി പ്ലേ ഓഫ് പ്രവേശത്തിൽ നിർണായകമായിരുന്നു. എന്നാല്‍ മുംബൈയുടെ ബാറ്റിംഗ് വെടിക്കെട്ടെല്ലാം വാംഖഡെയിലെ ബാറ്റിംഗ് പറുദീസയിലായിരുന്നു എന്നത് കാണാതിരിക്കാനാവില്ല. ഇതിന് മുമ്പ് ചെന്നൈയില്‍ കളിച്ചപ്പോള്‍ 140 റണ്‍സ് പോലും കടക്കാന്‍ മുംബൈക്കായിരുന്നില്ല. ചെന്നൈയിലെ സ്ലോ പിച്ചില്‍ മുംബൈ ബാറ്റിംഗ് നിര എങ്ങനെ പിടിച്ചു നില്‍ക്കുന്നു എന്നത് ഇന്ന് നിര്‍ണായകമാകും. ബൗളിംഗ് നിരയാണ് മുംബൈയ്ക്ക് ആശങ്കയായി തുടരുന്ന മറ്റൊരു കാര്യം.

മറുവശത്ത് ക്യാപ്റ്റൻ കെ എൽ രാഹുലിന്‍റെ അഭാവത്തിലും ക്രുനാൽ പണ്ഡ്യക്ക് കീഴിൽ ഒറ്റക്കെട്ടായി കളിക്കാൻ സൂപ്പർ ജയന്റ്സിന് കഴിയുന്നുണ്ട്. കെയ്ൽ മേയേഴ്സ്, നിക്കോളാസ് പുരാൻ, മാർക്കസ് സ്റ്റോയിനിസ് എന്നിവരുടെ ബാറ്റിലേക്കാണ് ലഖ്നൗ ഉറ്റുനോക്കുന്നത്. രവി ബിഷ്ണോയ്, ആവേശ് ഖാൻ, അമിത് മിശ്ര, നവീൻ ഉൽ ഹഖ് എന്നിവരാണ് ബൗളിംഗ് നിരിലെ പ്രധാനികൾ.

ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ലഖ്നൗ 5 റൺസിന് മുംബൈയെ തോൽപിച്ചിരുന്നു ലഖ്നൗവിന്‍റെ 177 റൺസ് പിന്തുട‍ർന്ന മുംബൈയ്ക്ക് 172 റൺസിൽ എത്താനേ കഴിഞ്ഞുള്ളൂ. ഈ തോൽവിക്ക് പകരം വീട്ടാൻകൂടിയമാണ് രോഹിത്തും സംഘവും ഇന്ന് ഇറങ്ങുന്നത്.

Post a Comment

Previous Post Next Post