(www.kl14onlinenews.com)
(21-May-2023)
ഐപിഎല്‍ ഗ്രൂപ്പ് ഘട്ടപോരാട്ടം ക്ലൈമാക്സിലേയ്ക്ക്. നിര്‍ണായക മല്‍സരത്തില്‍ മുംൈബ ഇന്ത്യന്‍സ് ഹൈദരാബാദിനെ എട്ടുവിക്കറ്റിന് തോല്‍പിച്ച് നാലാം സ്ഥാനത്തെത്തി. 201 ഒന്ന് റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ മറികടന്നു. 47 പന്തുകളിൽനിന്ന് 100 റൺസെടുത്ത കാമറൂൺ ഗ്രീൻ പുറത്താകാതെ നിന്നു. അർധ സെഞ്ചറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ (37 പന്തില്‍ 56) മികച്ച പിന്തുണയേകി. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. 14 മത്സരങ്ങളിൽ എട്ടു വിജയമുള്ള മുംബൈയ്ക്ക് 16 പോയിന്റായി. ഇന്ന് നടക്കുന്ന രണ്ടാം പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഗുജറാത്ത് ടൈറ്റൻസിനോടു തോറ്റാൽ നാലാം സ്ഥാനക്കാരായി മുംബൈ പ്ലേ ഓഫിലെത്തും. മുംബൈ വിജയിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് കാണാതെ പുറത്തായി.
വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെ തുടക്കത്തിൽ നഷ്ടമായെങ്കിലും അതിന്റെ യാതൊരു സമ്മർദവുമില്ലാതെയായിരുന്നു മുംബൈയുടെ ബാറ്റിങ്. 12 പന്തിൽ 14 റൺസെടുത്ത ഇഷാനെ ഭുവനേശ്വർ കുമാറാണു പുറത്താക്കിയത്. കാമറൂൺ ഗ്രീനും ക്യാപ്റ്റൻ രോഹിത് ശർമയും കത്തിക്കയറിയതോടെ 9 ഓവറിൽ മുംബൈ 100 കടന്നു. 20 പന്തുകളിൽനിന്നാണ് ഗ്രീൻ അർധ സെഞ്ചറി തികച്ചത്. മയാങ്ക് ദാഗറിന്റെ പന്തിൽ നിതീഷ് കുമാർ റെഡ്ഡി ക്യാച്ചെടുത്താണ് മുംബൈ ക്യാപ്റ്റനെ പുറത്താക്കിയത്. കാമറൂൺ ഗ്രീനിനൊപ്പം സൂര്യകുമാർ യാദവും ചേർന്നതോടെ അനായാസമായിരുന്നു മുംബൈയുടെ മുന്നേറ്റം. നേരിട്ട 47–ാം പന്തിൽ ഐപിഎല്ലിലെ കന്നി സെഞ്ചറി കുറിച്ചുകൊണ്ട് കാമറൂൺ ഗ്രീൻ മുംബൈയെ വിജയത്തിലുമെത്തിച്ചു. 16 പന്തുകളിൽനിന്ന് 25 റൺസെടുത്ത് സൂര്യകുമാര്‍ യാദവ് പുറത്താകാതെനിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 200 റൺസ്. 140 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് വാങ്കഡേയിൽ ഹൈദരാബാദിനെ തുണച്ചത്. വിവ്രാന്ത് ശർമയും മയാങ്ക് അഗർവാളും അർധസെഞ്ചറി നേടി.46 പന്തുകളിൽനിന്ന് 83 റൺസെടുത്ത മയാങ്ക് അഗർവാളാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. 47 പന്തുകൾ നേരിട്ട വിവ്രാന്ത് 69 റൺസെടുത്താണു പുറത്തായത്. ഹൈദരാബാദ് സ്കോർ 140 ല്‍ നിൽക്കെ വിവ്രാന്തിനെ ആകാശ് മഡ്‍വാളിന്റെ പന്തിൽ രമൺദീപ് സിങ് ക്യാച്ചെടുത്തു പുറത്താക്കി. തുടർന്നും മയാങ്ക് അഗര്‍വാൾ തകർത്തടിച്ചു. വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ ക്യാച്ചിലാണ് മയാങ്ക് പുറത്താകുന്നത്. ആകാശ് മഡ്‍വാളിന് രണ്ടാം വിക്കറ്റ്. പതിനേഴാം ഓവറിൽ ക്രീസിലെത്തിയ ഗ്ലെൻ ഫിലിപ്സ് നിലയുറപ്പിക്കും മുൻപേ മടങ്ങി. നാലു പന്തുകൾ നേരിട്ട ഫിലിപ്സ് ആകെ നേടിയത് ഒരു റൺ. ക്രിസ് ജോർദാന്റെ പന്തിൽ കുമാർ കാർത്തികേയ ക്യാച്ചെടുത്താണു താരത്തെ പുറത്താക്കിയത്. ഹെൻറിച് ക്ലാസൻ ബൗണ്ടറികൾ കണ്ടെത്തിത്തുടങ്ങിയെങ്കിലും അധിക നേരം ക്രീസിൽ നിലയുറപ്പിച്ചില്ല. ആകാശ് മഡ്‍വാളിന്റെ പന്തിൽ താരം ബോൾഡായി. തൊട്ടടുത്ത പന്തിൽ മഡ്‍വാൾ ഹാരി ബ്രൂക്കിനെയും ബോൾഡാക്കി വിക്കറ്റ് നേട്ടം നാലാക്കി. 19–ാം ഓവറിൽ ആറു റൺസ് മാത്രമാണു മഡ്‍വാൾ വിട്ടുനൽകിയത്. 20–ാം ഓവറിലെ അവസാന പന്ത് സിക്സർ പറത്തിയാണ് ക്യാപ്റ്റൻ എയ്ഡൻ മർക്രാം ഹൈദരാബാദ് സ്കോർ 200 ലെത്തിച്ചത്.
إرسال تعليق