കർണാടകയിൽ ​പ്രകടനപത്രികയിലെ അഞ്ച് വാഗ്ദാനങ്ങൾക്ക് അംഗീകാരം; ഉടൻ നടപ്പാക്കുമെന്ന് സിദ്ധരാമയ്യ 2023

(www.kl14onlinenews.com)
(20-May-2023)

കർണാടകയിൽ ​പ്രകടനപത്രികയിലെ അഞ്ച് വാഗ്ദാനങ്ങൾക്ക് അംഗീകാരം; ഉടൻ നടപ്പാക്കുമെന്ന് സിദ്ധരാമയ്യ


ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പ്രകടന പത്രികയിലെ അഞ്ച് വാഗ്ദാനങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകി സിദ്ധരാമയ്യ. സത്യപ്രതിജ്ഞക്ക് പിന്നാലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് വാഗ്ദാനങ്ങൾ അംഗീകരിച്ചത്. സത്യപ്രതിജ്ഞക്ക് പിന്നാലെ തന്നെ സിദ്ധരാമയ്യ വിധാൻ സൗധയിലെത്തി. ഒരാഴ്ചക്കുള്ളിൽ നടന്ന മന്ത്രിസഭ യോഗത്തിന് ശേഷം വാഗ്ദാനങ്ങളെല്ലാം പ്രാബല്യത്തിൽ വരുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

ജനങ്ങൾ ഞങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്ന ഒരു ഭരണമുണ്ട്. അഞ്ച് വാഗ്ദാനങ്ങൾ മന്ത്രിസഭയിൽ പാസാക്കും. ഉടൻ ഉത്തരവും പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ രാഹുൽ ഗാന്ധിക്ക് വലിയ പങ്കുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
ഗൃഹജ്യോതി, ഗൃഹ ലക്ഷ്മി, അന്ന ഭാഗ്യ, യുവനിധി, ശക്തി എന്നിങ്ങനെ അഞ്ച് പദ്ധതികൾക്കാവും കോൺഗ്രസ് അംഗീകാരം നൽകിയത്. എല്ലാ വീടുകൾക്ക് 200 യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്നതാണ് ഗൃഹജ്യോതി പദ്ധതി. എല്ലാ കുടുംബത്തിലേയും കുടുംബനാഥക്ക് 2000 രൂപ പ്രതിമാസം നൽകുന്ന പദ്ധതിയാണ് ഗൃഹ ലക്ഷ്മി. ബി.പി.എൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ അരി സൗജന്യമായി നൽകുന്നതാണ് അന്നഭാഗ്യ പദ്ധതി.
ബിരുദധാരികളായ തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം 3000 രൂപ നൽകുന്ന പദ്ധതിയാണ് യുവനിധി. ഈ പദ്ധതി പ്രകാരം ഡിപ്ലോമ നേടിയവർക്ക് 1500 രൂപയും നൽകും. സർക്കാർ ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര വാഗ്ദാനം​ ചെയ്യുന്ന പദ്ധതിയാണ് ശക്തി.

Post a Comment

Previous Post Next Post