അരിക്കൊമ്പന്‍ കമ്പം ടൗണില്‍, നാട്ടുകാര്‍ക്ക് നേരെ ചീറിപ്പാഞ്ഞു, മൂന്ന് പേര്‍ക്ക് പരിക്ക്; വാഹനങ്ങള്‍ തകര്‍ത്തു

(www.kl14onlinenews.com)
(27-May-2023)

അരിക്കൊമ്പന്‍ കമ്പം ടൗണില്‍, നാട്ടുകാര്‍ക്ക് നേരെ ചീറിപ്പാഞ്ഞു, മൂന്ന് പേര്‍ക്ക് പരിക്ക്; വാഹനങ്ങള്‍ തകര്‍ത്തു

കമ്പം ടൗണില്‍ അരിക്കൊമ്പന്റെ പരാക്രമം. ആനയെ കണ്ട് വിരണ്ടോടുന്നതിനിടെ മൂന്ന് പേര്‍ക്ക് വീണു പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ആന തകര്‍ത്തു. ലോവര്‍ ക്യാംപ് ഭാഗത്തുനിന്ന് കുമളിക്കു സമീപം അതിര്‍ത്തി കടന്ന് ഇന്ന് രാവിലെയാണ് അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തിയത്. കമ്പംമെട്ട് ഭാഗത്തേക്ക് ആന നീങ്ങുന്നതായാണ് വിവരം. ജനങ്ങള്‍ പരിഭ്രാന്തിയിലായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം ടൗണില്‍ നിലയുറപ്പിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നുണ്ട്.

ഇന്നലെ രാത്രി തമിഴ്നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ലോവര്‍ ക്യാമ്പില്‍ നിന്നും വനാതിര്‍ത്തിയിലൂടെ ഇവിടെ എത്തിയതാകാമെന്നാണ് നിഗമനം. ഇന്ന് രാവിലെ ആനയുടെ സിഗ്നല്‍ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് അരിക്കൊമ്പന്‍ കമ്പത്ത് ജനവാസ മേഖലയില്‍ എത്തിയെന്ന് വ്യക്തമായത്.

ഇന്നലെ കുമളിയില്‍ നിന്നും പന്ത്രണ്ട് കിലോമീറ്ററോളം അകലെയായിരുന്നു അരിക്കൊമ്പന്‍ ഉണ്ടായിരുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിഎച്ച്എഫ് ആന്റിനയുടെ സഹായത്തോടെയാണ് ആനയെ നിരീക്ഷിക്കുന്നത്. ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നലുകളും നിരീക്ഷിക്കുന്നുണ്ട്

Post a Comment

أحدث أقدم