ബാലരാമപുരം മതപഠനശാലയിലെ പെൺകുട്ടിയുടെ മരണം: ആൺസുഹൃത്ത് അറസ്റ്റിൽ

(www.kl14onlinenews.com)
(31-May-2023)

ബാലരാമപുരം മതപഠനശാലയിലെ പെൺകുട്ടിയുടെ മരണം: ആൺസുഹൃത്ത് അറസ്റ്റിൽ
തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനശാലയിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്ത് അറസ്റ്റിലായതോടെ സംഭവത്തിൽ വലിയ വഴിത്തിരിവാണ് രൂപപ്പെട്ടിരിക്കുന്നത്. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനാണ് അറസ്റ്റിലായത്. ഹാഷിം ഖാൻ്റെ അറസ്റ്റോടെ കേസിൽ നിർണായക വഴിത്തിരിവുണ്ടായിരിക്കുകയാണ്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയപ്പോൾ പീഡനത്തിനിരയായെന്ന് വ്യക്തമായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നതിനുപിന്നാലെയാണ് പൊലീസ് പുതിയ നടപടികൾ ആരംഭിച്ചത്.

പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് ആൺസുഹൃത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. ഇയാളുമായുള്ള ബന്ധം പെൺകുട്ടി വച്ചുപുലർത്തിയതുകൊണ്ടാണ് വീട്ടുകാർ ഇടപെട്ട് കുട്ടിയെ മതപഠനശാലയിലേക്ക് അയച്ചതെന്നുള്ള വിവരങ്ങളും അന്വേഷണത്തിൽ പുറത്തു വന്നിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വന്നതിനു പിന്നാലെ ആൺസുഹൃത്തിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് പോക്‌സോ കേസ് രജിസ്റ്റ‌ർ ചെയ്തിരുന്നു. തുടർന്നാണ് ഹാഷിം അറസ്റ്റിലാവുന്നത്.

കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ബീമാപ്പള്ളി പരിസരത്തുവച്ചാണ് ഹാഷിം അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ വീടിന് പരിസരത്താണ് ഹാഷിമും താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു. നേരത്തെ തന്നെ ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നു എന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നതും. പലതവണ പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു. എന്നാൽ ഇരുവരും പിൻമാറിയിരുന്നില്ല. ഇതിനെത്തുടർന്നാണ് പെൺകുട്ടിയെ വീട്ടുകാർ ഇടപെട്ട് ബാലരാമപുരം മതപഠനശാലയിലേക്ക് അയച്ചത്.

പെൺകുട്ടി മതപഠനശാലയിലെത്തുന്നതിന് മുൻപുതന്നെ പീഡിപ്പിക്കപ്പെട്ടുവെന്നാണ് പൊലീസ് കരുതുന്നത്. ഹാഷിമുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തുകയും പിന്നാലെ പെൺകുട്ടിയെ മതപഠനശാലയിലേയ്ക്ക് മാറ്റുകയും ചെയ്യുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. അതേസമയം പെൺകുട്ടി മാനസിക പീഡനത്തിനിരയായിട്ടുണ്ടെന്നും പൊലീസ് പറയുന്നുണ്ട്. മതപഠനശാലയിലെ പീഡനമാണ് പെൺകുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് ആത്മഹത്യാ പ്രേരണക്കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷിക്കുന്നതിനിടെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതും കേസിൽ വഴിത്തിരിവുണ്ടാകുന്നതും. തുടർന്ന് നടത്തിയ അന്വേഷണമാണ് ഹാഷിമിലേയ്ക്ക് എത്തിയത്. പെൺകുട്ടി ആത്മഹത്യ ചെയ്തതിനു പിന്നാലെ മതപഠനശാലയ്ക്ക് എതിരെ ബീമാപ്പള്ളി മേഖലയിൽ ഉയർന്ന പ്രതിഷേധങ്ങളിൽ ഹാഷിമിൻ്റെ സാന്നിദ്ധ്യവും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.

Post a Comment

أحدث أقدم