തല ചരിക്കാതെ കാണാം ചരിഞ്ഞ പള്ളി; അപൂർവ വാസ്തുവിദ്യ കൗതുകമാകുന്നു

(www.kl14onlinenews.com)
(25-May-2023)

തല ചരിക്കാതെ കാണാം ചരിഞ്ഞ പള്ളി; അപൂർവ വാസ്തുവിദ്യ കൗതുകമാകുന്നു
ദോഹ: അൽ ഷഹാനിയ നഗരത്തിലെ കൗതുകങ്ങളിലൊന്നായി മാറുകയാണ് ഷെയ്ഖ് ഫൈസൽ ബിൻ ഖ്വാസിം അൽതാനി മ്യൂസിയത്തിലെ പള്ളി. പള്ളിയുടെ ചരിഞ്ഞ മിനാരവും വാസ്തുവിദ്യായുമാണ് കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ പള്ളിയുടെ വിഡിയോകളും ചിത്രങ്ങളും ഇതിനകം വൈറൽ ആയി. ചരിഞ്ഞ മിനാരം തന്നെയാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. മിനാരം മാത്രമല്ല പള്ളിയും ചരിഞ്ഞാണ്. 20 ഡിഗ്രി ചരിവിൽ 27 മീറ്റർ ഉയരത്തിലാണ് പള്ളി നിർമിച്ചിരിക്കുന്നത്. ആരാധനാലയങ്ങളിൽ വച്ച് ഏറ്റവും അപൂർവമായ വാസ്തുവിദ്യാ ശൈലിയിലൊന്നായാണ് ഈ ഡിസൈൻ കണക്കാക്കപ്പെടുന്നത്.

ഷെയ്ഖ് ഫൈസലാണ് ഇത്തരമൊരു വിസ്മയിപ്പിക്കുന്ന ഡിസൈൻ നിർദേശിച്ചതെന്നാണ് മ്യൂസിയത്തിൽ നിന്നുള്ള വിവരങ്ങൾ. പള്ളി കെട്ടിടത്തിന് കേടുപാടുകൾ വേഗത്തിൽ കണ്ടെത്താനായി 30 കോൺക്രീറ്റ് സ്‌ട്രെസ് സെൻസറുകളുണ്ട്. കല്ലുകൊണ്ടാണ് ഭിത്തികളുടെ നിർമാണം. വർണശബളമായ ഗ്ലാസുകൾ കൊണ്ടുള്ളതാണ് ജനാലകൾ.

പള്ളിക്കുള്ളിൽ പ്രാർഥിക്കാനുള്ള സ്ഥലവും കല്ലുകൊണ്ട് നിർമിതമാണ്. രാജ്യത്തുടനീളം രണ്ടായിരത്തിലധികം പള്ളികളാണുള്ളത്. രാജ്യത്തിന്റെ മതവും സംസ്‌കാരവും കോർത്തിണക്കിയാണ് ഓരോ പള്ളികളും നിർമിച്ചിരിക്കുന്നത്.

Post a Comment

أحدث أقدم