കണ്ണൂർ വിമാനത്താവളത്തിന്റെ മുരടിപ്പിന് കാരണം വികലമായ കേന്ദ്രനയം: ജോൺ ബ്രിട്ടാസ് എംപി

(www.kl14onlinenews.com)
(21-May-2023)

കണ്ണൂർ വിമാനത്താവളത്തിന്റെ മുരടിപ്പിന് കാരണം വികലമായ കേന്ദ്രനയം: ജോൺ ബ്രിട്ടാസ് എംപി
അബുദാബി:വികലമായ കേന്ദ്ര നയം കാരണമാണ് കണ്ണൂർ വിമാനത്താവളത്തിനു ചിറകുവിരിച്ചു പറക്കാനാകാത്തതെന്ന് ജോൺ ബ്രിട്ടാസ് എംപി.

നിഷേധാത്മക സമീപനത്തിനെതിരെ മലയാളികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പറഞ്ഞു. അബുദാബി കേരള സോഷ്യൽ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിദേശ എയർലൈനുകൾക്ക് കണ്ണൂരിലേക്ക് സർവീസ് നടത്താൻ അനുമതി ലഭിക്കാത്തതിനാൽ ചിറകുവിടർത്തി പറക്കാൻ വിമാനത്താവളത്തിനായില്ല. വിമാനത്താവളത്തിന്റെ സേവനം പൂർണമായി പ്രയോജനപ്പെടുത്താൻ പ്രവാസികൾക്കും സാധിക്കുന്നില്ല. വിഷയം പല തവണ പാർലമെന്റിൽ ഉന്നയിക്കുകയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ശ്രദ്ധയിൽ പ്പെടുത്തുകയും ചെയ്തു.

3 പതിറ്റാണ്ടുമുൻപ് അദ്ദേഹത്തിന്റെ പിതാവും അന്നത്തെ വ്യോമയാന മന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ കാലത്ത് ഇന്ത്യയിലെ ആദ്യ സ്വകാര്യ പൊതുമേഖലാ വിമാനത്താവളം കൊച്ചിയിൽ സ്ഥാപിതമായി. അന്നു പിതാവ് കാണിച്ച ദീർഘവീക്ഷണത്തിന്റെ നൂറിലൊന്നു പോലും പ്രകടിപ്പിക്കാത്തതുകൊണ്ട് കണ്ണൂർ വിമാനത്താവളം മുരടിച്ചു.

വ്യോമ രംഗത്തേക്ക് നിക്ഷേപങ്ങൾ വരട്ടെ എന്ന് പറയുകയും മറുവശത്ത് നിഷേധാത്മക നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് ഖേദകരമാണ്. വിമാനത്താവള ഓഹരിയുടമകളിൽ ഭൂരിഭാഗവും പ്രവാസികളാണ്. പ്രത്യേകിച്ച് ഗൾഫ് മേഖലയിലുള്ളവർ.എന്നാൽ അതിന് ഫലം ലഭിക്കണമെങ്കിൽ കേന്ദ്രം കനിയണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم