താനൂർ ബോട്ട് അപകടം; തിരച്ചിൽ വീണ്ടും തുടങ്ങി, പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും

(www.kl14onlinenews.com)
(09-May-2023)

താനൂർ ബോട്ട് അപകടം; തിരച്ചിൽ വീണ്ടും തുടങ്ങി, പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും
മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ ദേശീയ ദുരന്ത നിവാരണ സേന ഇന്നും തിരച്ചിൽ ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേർന്നിരുന്നു. ഇന്ന് കൂടി തെരച്ചിൽ തുടരാനാണ് തീരുമാനം. എത്രപേർ ബോട്ടിൽ കയറിയെന്ന കൃത്യമായ കണക്ക് കിട്ടാത്തതാണ് പ്രതിസന്ധിയായത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും കാണാനില്ലായെന്ന പരാതി നിലവിൽ ഇല്ലെന്നും അധികൃതർ അറിയിച്ചു. നേവിയും രണ്ടു തവണയായി തിരച്ചിലിന് എത്തിയിരുന്നു.

അതേസമയം അപകടത്തിന് കാരണമായ പ്രതി നാസറിനെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചുമത്തും. ഇന്നലെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്ത നാസറിനെ താനൂർ സ്റ്റേഷനിൽ എത്തിച്ചിരുന്നില്ല. ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് കൊണ്ടുവരാതിരുന്നത്. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നിൽ തടിച്ചു കൂടിയത്. നാസറിനെതിരെ നരഹത്യാകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഡ്രൈവറായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. മുൻദിവസങ്ങളിൽ അമിതമായി യാത്രക്കാരെ കയറ്റി ദിനേശൻ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ മത്സ്യത്തൊഴിലാളികൾ പുറത്തുവിട്ടിട്ടുണ്ട്. കേസ് താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. മലപ്പുറം എസ്പി എസ് സജിത് ദാസ് മേൽനോട്ടം വഹിക്കുന്ന അന്വേഷണ സംഘത്തിൽ സാങ്കേതിക വിദഗ്ധർ ഉൾപ്പടെയുള്ളവർ ഉണ്ട്.
അതേസമയം അപകടത്തിന് കാരണം നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെ ബോട്ട് സ‍ർവീസ് നടത്തിയതാണെന്നാണ് കണ്ടെത്തൽ. 21 പേരെ കയറ്റാൻ മാത്രം അനുമതിയുണ്ടായിരുന്നിടത്ത് 37 പേരോളം ആളുകളെ അറ്റ്ലാൻ്റിക് ബോട്ടിൽ കയറ്റിയതാണ് അപകടത്തിന് വഴിവെച്ചത്. 21 യാത്രക്കാരുമായി സർവീസ് നടത്താനാണ് കേരള മാരിടൈം ബോർഡിൽനിന്ന് അനുമതിതേടിയത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനവും ഇതുവരെ ലഭിച്ചിരുന്നില്ല. എന്നാൽ അപകട ദിവസം ഡ്രൈവറും ജീവനക്കാരുമുൾപ്പടെ 37 പേരോളം ഉണ്ടായിരുന്നു.
മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന ഫൈബർ വള്ളമാണ് ടൂറിസ്റ്റ് ബോട്ടാക്കിയതെന്ന് ആരോപണം ഉയന്നിട്ടുണ്ട്. ബോട്ടുടമയായ നാസ‍‍ർ അപേക്ഷ നൽകിയതിനെ തുട‍ർന്ന് ഇതിനായുള്ള നിബന്ധനകൾ പാലിച്ചിരുന്നോയെന്ന് പരിശോധിക്കുന്നതിനായി മാരിടൈം ബോർഡിന്റെ സർവേയർ ആലപ്പുഴയിൽ നിന്നെത്തി പരിശോധന നടത്തിയിരുന്നു. ഇതിൽ ഒട്ടേറെ അപാകതകൾ കണ്ടതിനെത്തുടർന്ന് പരിഹരിക്കാൻ നിർദേശം നൽകിയിരുന്നു. നാസ‍ർ പരിഹരിച്ചുവെന്നറിയിച്ച് വീണ്ടും അപേക്ഷ സമർപ്പിക്കുകയും തുട‍ർന്ന് വീണ്ടും ബോട്ട് പരിശോധിക്കുകയും ഫലം വരുന്നതിന് മുമ്പ് കഴി‍ഞ്ഞ മാസം ബോട്ട് സ‍ർവീസ് നടത്തുകയും ചെയ്തിരുന്നു. ആദ്യം ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ ലഭിച്ച രജിസ്‌ട്രേഷൻ നമ്പർ KIV/BPR/99/23 ബോട്ടിന്റെ യഥാർഥ രജിസ്‌ട്രേഷൻ നമ്പറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉടമ സർവീസ് ആരംഭിച്ചതെന്ന് മാരിടൈം ബോർഡ് പറഞ്ഞു. യാത്രയിൽ ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപാധികൾ എല്ലാവർക്കുമുണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Post a Comment

أحدث أقدم