(www.kl14onlinenews.com)
(31-May-2023)
ബിജെപിയില്‍ ചോദ്യങ്ങളില്ല ഉത്തരങ്ങള്‍ മാത്രമേയുള്ളൂ, എല്ലാം അറിയാമെന്ന ഭാവമാണ് മോദിക്കെന്നും രാഹുല്‍ഗാന്ധി
തിരുവനന്തപുരം: ബിജെപിയില്‍ ചോദ്യങ്ങളില്ല. ഉത്തരങ്ങള്‍ മാത്രമേയുള്ളൂവെന്ന് രാഹുല്‍ഗാന്ധി. അമേരിക്കയിലെ സംവാദപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലര്‍ അറിവുള്ളവരായി നടിക്കുന്നുവെന്നും മോദി അതിലൊരാളാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. എല്ലാം അറിയാമെന്നാണ് ഭാവം. ദൈവത്തെ വരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കുമെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.
ഗുരു നാനാക്കും ശ്രീ നാരായണ ഗുരുവും അടക്കമുള്ള എല്ലാ മഹാരഥന്‍മാരും മറ്റുള്ള മതങ്ങളെ ബഹുമാനിക്കാനാണ് പഠിപ്പിച്ചത്. ഭാരത് ജോഡോ യാത്ര തനിക്ക് വലിയ അനുഭവമായിരുന്നു. ഇന്ത്യ ഒരു ആശയത്തെയും തിരസ്‌കരിച്ചിട്ടില്ല. എന്‍ആര്‍ഐക്കാര്‍ ഇന്ത്യയുടെ അംബാസിഡര്‍മാരാണ്. വനിത സംവരണ ബില്‍ കോണ്‍ഗ്രസ് പാസാക്കാനാണ് ശ്രമിച്ചത്. പക്ഷേ സഖ്യകക്ഷികളില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ബില്‍ പാസാക്കും. ഭരണഘടനയില്‍ ഇന്ത്യ എന്നത് യൂണിയന്‍ ഓഫ് സ്റ്റേറ്റ് ആണ്. ഓരോ സംസ്ഥാനത്തെയും സംസ്‌കാരത്തെയും ഭാഷകളെയും ചരിത്രത്തെയും സംരക്ഷിക്കേണ്ടതുണ്ട്. ഭരണഘടനയിലെ ഈ ആശയത്തെയാണ് ആര്‍എസ്എസും ബിജെപിയും ആക്രമിക്കുന്നത്. അതുവഴി ഭരണഘടനയെയും ആക്രമിക്കുന്നു. വെറുപ്പിനെ വെറുപ്പ് കൊണ്ട് ജയിക്കാനാവില്ല.
ഇന്ത്യയിലെ ജനങ്ങള്‍ വെറുപ്പില്‍ വിശ്വസിക്കുന്നവരല്ല. പരസ്പരം കൊല്ലുന്നവരല്ല. ഒരു ചെറിയ വിഭാഗമാണ് ഇതിനു പിന്നില്‍. അവര്‍ക്ക് ഭരണ സംവിധാനത്തില്‍ സ്വാധീനം ഉണ്ട്. അവര്‍ക്ക് പണം ലഭിക്കുന്നു. മാധ്യമങ്ങളില്‍ നിയന്ത്രണമുണ്ട്. ഭാരത് ജോഡോയില്‍ താന്‍ കണ്ട ആളുകളില്‍ ഭൂരിഭാഗവും സ്‌നേഹിക്കുന്നവരാണ്. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതല്ല മാധ്യമങ്ങള്‍ ഇന്ത്യയില്‍ നല്‍കുന്നത്. മാധ്യമങ്ങളില്‍ കാണുന്നത് സത്യമാണെന്ന് കരുതരുതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു
Post a Comment