അവസാന ഓവറിൽ ഹാട്രിക് സിക്സ്; രാജസ്ഥാനെ വീഴ്ത്തി മുംബൈ

(www.kl14onlinenews.com)
(01-May-2023)

അവസാന ഓവറിൽ ഹാട്രിക് സിക്സ്; രാജസ്ഥാനെ വീഴ്ത്തി മുംബൈ

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനെ മുംൈബ ഇന്ത്യന്‍സ് ആറുവിക്കറ്റിന് തോല്‍പിച്ചു. 213 റണ്‍സ് വിജയലക്ഷ്യം മൂന്നുപന്ത് ശേഷിക്കെ മുംൈബ മറികടന്നു. ടിം േഡവിഡ് 14 പന്തില്‍ 45 റണ്‍സ് നേടി പുറത്താകാതെ നിന്നു. യശസ്വി ജയസ്വാളിന്റെ സെഞ്ചുറിയാണ് രാജസ്ഥാനെ 212 റണ്‍സിലെത്തിച്ചത്. ജയസ്വാള്‍ 62 പന്തില്‍ 124 റണ്‍സ് നേടി. രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തും മുംൈബ ഇന്ത്യന്‍സ് ഏഴാം സ്ഥാനത്തുമാണ്.

ക്യാപ്റ്റൻ രോഹിത് ശർമയുടെ 36–ാം ജന്മദിനത്തിൽ അവസാന ഓവറിൽ ഹാട്രിക് സിക്സറുകൾ പറത്തി ടിം ഡേവിഡാണ് ടീമിന് വിജയം സമ്മാനിച്ചത്. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. അവസാന ഓവറിൽ ജയത്തിനായി 17 റൺസ് വേണമെന്നിരിക്കെ ആദ്യ മൂന്നു പന്തിലും സിക്സറുകൾ പറത്തി ടിം ഡേവിഡാണ് (14 പന്തിൽ 45*) മുംബൈയെ വിജയത്തിലെത്തിച്ചത്. സൂര്യകുമാർ യാദവ് (29 പന്തിൽ 55), കാമറൂൺ ഗ്രീൻ (26 പന്തിൽ 44) എന്നിവരുടെ ബാറ്റിങ്ങും മുംബൈ വിജയത്തിൽ നിർണായകമായി.

മറുപടി ബാറ്റിങ്ങിൽ, രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയുടെ (5 പന്തിൽ 3) വിക്കറ്റ് മുംബൈയ്ക്ക് നഷ്ടമായി. സന്ദീപ് ശർമയുടെ ബോളിൽ രോഹിത് ക്ലീൻ ബോൾഡാകുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇഷാൻ കിഷനും (23 പന്തിൽ 28), കാമറൂൺ ഗ്രീനും (26 പന്തിൽ 44) ചേർന്നാണ് മുംബൈ ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയത്. ഇരുവരും ചേർന്ന് 62 റൺസ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു.

ഗ്രീനിനെ പുറത്താക്കി അശ്വിനാണ് കൂട്ടുകെട്ട് പൊളിച്ചത്. തന്റെ തന്നെ അടുത്ത ഓവറിൽ ഇഷാനെയും അശ്വിൻ വീഴ്ത്തി. നാലാമനായി ഇറങ്ങിയ സൂര്യകുമാർ യാദവ് മുംബൈയ്ക്ക് വീണ്ടും വിജയപ്രതീക്ഷകൾ നൽകി. 29 പന്തിൽ 55 റൺസെടുത്ത സൂര്യകുമാർ യാദവ്, രണ്ടു സിക്സും എട്ടു ഫോറും അടിച്ചു. നാലാം വിക്കറ്റിൽ സൂര്യകുമാറും തിലക് വർമയും (21 പന്തിൽ 29*) ചേർന്ന് 51 റൺസെടുത്തു. 16–ാം ഓവറിൽ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ സന്ദീപ് ശർമയെടുത്ത കിടിലൻ ക്യാച്ചിലാണ് സൂര്യകുമാർ‌ പുറത്തായത്. എങ്കിലും പിന്നീടെത്തിയ ടിം ഡേവിഡ് കിടിലൻ ബാറ്റിങ്ങിലൂടെ മുംബൈ വിജയത്തിലെത്തിക്കുകയായിരുന്നു. അഞ്ച് സിക്സും രണ്ടു ഫോറുകളുമാണ് ടിമ്മിന്റെ ബാറ്റിൽനിന്നു പിറന്നത്. രാജസ്ഥാനായി ആർ.അശ്വിൻ രണ്ടു വിക്കറ്റും ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഐപിഎലിലെ ആയിരാമത്തെ മത്സരത്തിൽ സെഞ്ചറിയുടെ പൊന്നുതൂവൽ നൽകിയ യശസ്വി ജയ്സ്വാളിന്റെ (62 പന്തിൽ 124) ചിറകിലേറിയാണ് മുംബൈ ഇന്ത്യൻസിനെതിരെ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്ത് മുംബൈയ്‌ക്കെതിരെ രാജസ്ഥാന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. ജയ്‍സ്വാളിനു പുറമെ മറ്റാർക്കും ബാറ്റിങ്ങിൽ തിളങ്ങാനാകാതെ പോയത് രാജസ്ഥാനു തിരിച്ചടിയായി.

ആദ്യ ഓവറിൽ തന്നെ കാമറൂൺ ഗ്രീനിനെ സിക്സർ പറത്തി ജയ്‌സ്വാൾ നയം വ്യക്തമാക്കിയിരുന്നു. പിന്നീടങ്ങോട്ട് രാജസ്ഥൻ ഇന്നിങ്സിനെ ഒറ്റയ്ക്കു ചുമലിലേറ്റുന്ന ജയ്‌സ്വാളിനെയാണ് ഉടനീളം കണ്ടത്. മറുവശത്ത് ബാറ്റർമാർ മാറിമാറി വന്നപ്പോഴും ജയ്സ‌്വാൾ ബാറ്റിങ് തുടർന്നു. അവസാന ഓവറിൽ അർഷദ് ഖാനാണ് ജയ്‌സ്വാളിനെ പുറത്താക്കിയത്. ഐപിഎലിൽ ഒരു അൺക്യാപ്ഡ് പ്ലെയറിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ജയ്‌സ്വാൾ കുറിച്ചത്. 2011ൽ പഞ്ചാബിനായി പോൾ വാൽത്തട്ടി കുറിച്ച 120* റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന സ്കോർ.

ഒന്നാം വിക്കറ്റിൽ ജോസ് ബട്‌ലറുമായി ചേർന്ന് 72 റൺസാണ് ജയ്‌സ്വാൾ കൂട്ടിചേർത്തത്. ഇതിൽ ബട്‌ലറിന്റെ സംഭാവന 18 റൺസ് മാത്രം. ഈ സീസണിൽ ഇത് അഞ്ചാം തവണയാണ് ജയ്‌സ്വാൾ– ബട്‌ലർ സഖ്യം അമ്പതിലധികം സ്കോർ നേടുന്നത്. രാജസ്ഥാനായി ഏറ്റവുമധികം 50+ ഓപ്പണിങ് കൂട്ടുകെട്ട് ഉണ്ടാക്കിയതിൽ രഹാനെ–ദ്രാവിഡ് സഖ്യത്തിനൊപ്പമെത്തുകയും ചെയ്തു ഇരുവരും. ആകെ എട്ടു തവണ. എട്ടാം ഓവറിൽ പിയൂഷ് ചൗളയാണ് ബട്‌ലറിനെ പുറത്താക്കിയത്.

മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസൺ (10 പന്തിൽ 14) ഒരു സിക്സും ഒരു ഫോറും അടിച്ചെങ്കിലും ഏറെനേരം പിടിച്ചുനിൽക്കാനായില്ല. അർഷദ് ഖാന്റെ പന്തിൽ ടിം ഡേവിഡ് എടുത്ത ക്യാച്ചിലാണ് സഞ്ജു പുറത്തായത്. പിന്നാലെയെത്തിയ ദേവ്‌ദത്ത് പടിക്കലും (4 പന്തിൽ 2) തൊട്ടടുത്ത ഓവറിൽ പുറത്തായി. ജേസൺ ഹോൾഡർ (9 പന്തിൽ 11), ഷിമ്രോൺ ഹെറ്റ്‌മെയർ (9 പന്തിൽ 8), ധ്രുവ് ജുറെൽ (3 പന്തിൽ 2) എന്നിവർക്കും തിളങ്ങാനായില്ല. രവിചന്ദ്രൻ അശ്വിൻ (5 പന്തിൽ 8*), ട്രെന്റ് ബോൾട്ട് (പൂജ്യം) എന്നിവർ പുറത്താകാതെ നിന്നു. മുംബൈയ്‌ക്കായി അർഷദ് ഖാൻ മൂന്നു വിക്കറ്റും പീയൂഷ് ചൗള രണ്ടും ജോഫ്ര ആർച്ചർ, റിലേ മെറിഡിത്ത് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Post a Comment

Previous Post Next Post