കണ്ണീര്‍ക്കടലായി സൈതലവിയുടെ വീട്; ഒറ്റ രാത്രി കൊണ്ട് നഷ്ടമായത് കുടുംബത്തിലെ 11 ജീവന്‍

(www.kl14onlinenews.com)
(08-May-2023)

കണ്ണീര്‍ക്കടലായി സൈതലവിയുടെ വീട്; ഒറ്റ രാത്രി കൊണ്ട് നഷ്ടമായത് കുടുംബത്തിലെ 11 ജീവന്‍
മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ മരണസംഖ്യ ഉയരുകയാണ്. ഒറ്റ രാത്രി കൊണ്ട് ഒരു കുടുംബത്തിലെ 11 ജീവനുകളാണ് അപകടത്തില്‍ പൊലിഞ്ഞത്. പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ കുടുംബത്തിലാണ് ഈ ദുരന്തമുണ്ടായത്. താനൂര്‍ ഒട്ടുംപുറം തൂവല്‍ത്തീരം ബീച്ചിലുണ്ടായ ബോട്ടപകടത്തില്‍ സഹോദരങ്ങളായ മൂന്ന് പേരുടെ ഭാര്യമാരും മക്കളും മരണപ്പെട്ടു.

പെരുന്നാള്‍ ആഘോഷിക്കാന്‍ ഒത്തുചേര്‍ന്ന കുടുംബത്തിന്റെ സന്തോഷം ചെന്നവസാനിച്ചത് വലിയൊരു ദുരന്തത്തിന്റെ കണ്ണീര്‍ക്കയത്തിലായിരുന്നു. കുടുംബനാഥനായ കുന്നുമ്മല്‍ സൈതലവിയും സഹോദരങ്ങളായ ജാബിര്‍, സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയുമായിരുന്നു കുടുംബവീട്ടില്‍ ഒത്തുചേര്‍ന്നത്. ഞായറാഴ്ച അവധി ദിവസമായതുകൊണ്ട് കുട്ടികളുടെ ആഗ്രഹപ്രകാരമാണ് കുടുംബം തൂവല്‍ത്തീരം ബീച്ചിലെത്തിയത്. കുട്ടികളുടെ നിര്‍ബന്ധത്തിനും സന്തോഷത്തിനും എതിരൊന്നും പറയാതെ സൈതലവി ബീച്ച് സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കി. യാതൊരു കാരണവശാലും ബോട്ടില്‍ കയറരുതെന്ന് നിര്‍ദേശം നല്‍കി സൈതലവി തന്നെയാണ് എല്ലാവരെയും താനൂരിലെത്തിച്ചത്.

വീട്ടില്‍ തിരിച്ചെത്തി കുറച്ച് സമയത്തിന് ശേഷം ഭാര്യക്ക് ഫോണ്‍ ചെയ്ത സൈതലവി കേട്ടത് മുഴുവന്‍ നിലവിളികളായിരുന്നു. ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഭാര്യ കരഞ്ഞുപറഞ്ഞപ്പോള്‍ നിസ്സഹായനായി കേട്ട് നില്‍ക്കാനേ സൈതലവിക്ക് കഴിഞ്ഞുള്ളൂ. സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ സൈതലവി കണ്ടത് സ്വന്തം മകളുടെ മൃതദേഹമായിരുന്നു. ആ കാഴ്ച കൂടെയുള്ളവരെയും കണ്ണീരണിയിച്ചു.

അപകടത്തില്‍ പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ എന്ന കുഞ്ഞിമ്മു (40), മകന്‍ ജരീര്‍ (10), പരപ്പനങ്ങാടി കുന്നുമ്മല്‍ സിറാജിന്റെ പത്ത് മാലം പ്രായമുള്ള കുഞ്ഞുള്‍പ്പടെ മൂന്ന് മക്കള്‍ (സഹറ, റുഷ്ദ, നൈറ), ഭാര്യ സീനത്ത്, പരപ്പനങ്ങാടി സൈതലവിയുടെ ഭാര്യയായ സീനത്ത് (45), മക്കളായ സഫ്‌ന (7), ഹസ്‌ന (18), ഷംന (17), സഫ്‌ല ഷെറിന്‍ എന്നിവരാണ് മരിച്ചത്.

Post a Comment

Previous Post Next Post