സുപ്രീം കോടതി നിർദേശത്തെ തുടർന്ന് പരാതിക്കാരായ 7 വനിതാ ഗുസ്‌തി താരങ്ങൾക്ക് സുരക്ഷയൊരുക്കി ഡൽഹി പോലീസ്

(www.kl14onlinenews.com)
(30-April-2023)

സുപ്രീം കോടതി നിർദേശത്തെ തുടർന്ന് പരാതിക്കാരായ 7 വനിതാ ഗുസ്‌തി താരങ്ങൾക്ക് സുരക്ഷയൊരുക്കി ഡൽഹി പോലീസ്
ഡൽഹി :
റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഏഴ് പരാതിക്കാർക്ക് സുരക്ഷ ഒരുക്കി ഡൽഹി പോലീസ്. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഡൽഹി പൊലീസ് സംരക്ഷണം നീട്ടിയത്. ബിജെപി എംപി കൂടിയായ ഡബ്ല്യുഎഫ്‌ഐ മേധാവിക്കെതിരെ എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്‌ത്‌ രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ സംഭവവികാസം.

അതേസമയം, ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത സാഹചര്യത്തിൽ താരങ്ങൾ കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണങ്ങൾ അന്വേഷിക്കുന്ന കമ്മിറ്റി അംഗം കൂടിയായ ഒളിമ്പിക് മെഡൽ ജേതാവും പ്രമുഖ ഗുസ്‌തി താരവുമായ യോഗേശ്വർ ദത്ത് പറഞ്ഞു.

പോലീസിനെ അറിയിച്ചാൽ മാത്രമേ അവർ നടപടിയെടുക്കൂ. ഒരാൾ വീട്ടിൽ ഇരുന്നാൽ അവർ അത് ചെയ്യില്ല. ഗുസ്‌തിക്കാർ ഇത് മൂന്ന് മാസം മുമ്പ് ചെയ്യണമായിരുന്നു. നടപടി വേണമെങ്കിൽ അത് പോലീസിനെ അറിയിക്കണമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു." ദത്ത് വ്യക്തമാക്കി.

ഗുസ്‌തി താരങ്ങളുടെ ആവശ്യത്തെ പിന്തുണച്ച് ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് ഞായറാഴ്‌ച സ്ഥലത്തെത്തിയതോടെ ദേശീയ തലസ്ഥാനത്തെ ജന്തർ മന്തറിൽ താരങ്ങളുടെ കുത്തിയിരിപ്പ് സമരത്തിന് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ലഭിക്കുന്നത് തുടരുകയാണ്.

വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുൾപ്പെടെയുള്ള ഇന്ത്യയിലെ മുൻനിര ഗുസ്‌തി താരങ്ങൾ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിക്കുകയും, ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റിനെ അറസ്‌റ്റ് ചെയ്യുന്നതുവരെ ഡൽഹിയിലെ ജന്തർമന്തറിലെ സമരസ്ഥലത്ത് നിന്ന് പുറത്തുപോകില്ലെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു.

കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേരയും ജന്തർ മന്തറിലെത്തി സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾക്ക് പിന്തുണ അറിയിച്ചു. ഇന്നലെ പ്രതിഷേധക്കാരെ കണ്ട പ്രിയങ്കാ ഗാന്ധി ഡബ്ല്യുഎഫ്‌ഐ മേധാവിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളെ ശല്യം ചെയ്യുന്നവരെ തൂക്കിക്കൊല്ലണമെന്ന് പറഞ്ഞു കൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

രാജ്യത്തിന് അഭിമാനമായ ഗുസ്‌തി താരങ്ങൾ കഴിഞ്ഞ ഒരാഴ്‌ചയായി ജന്തർ മന്ദറിൽ പ്രതിഷേധിക്കുന്നു. അവർ അപമാനിക്കപ്പെട്ടു. സ്ത്രീകളെ ശല്യം ചെയ്യുന്നവരെ തൂക്കിക്കൊല്ലണം," സമര സ്ഥലത്ത് പ്രതിഷേധക്കാരെ കണ്ടതിന് ശേഷം കെജ്‌രിവാൾ പറഞ്ഞു.

Post a Comment

Previous Post Next Post