ഞെട്ടിച്ച് സ്വര്‍ണം; സർവകാല റെക്കോർഡിൽ, പവന് 45000!

(www.kl14onlinenews.com)
(05-April-2023)

ഞെട്ടിച്ച് സ്വര്‍ണം;
സർവകാല റെക്കോർഡിൽ,
പവന് 45000!
തിരുവനന്തപുരം :
സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഉയരത്തിൽ. ചരിത്രത്തിൽ ആദ്യമായി പവന് 45,000 രൂപയിലെത്തി. ഇന്നലെ പവന് 44,240 രൂപയായിരുന്നു വില. ഇതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വില. ഇന്ന് അതും മറികടന്ന് വില കുതിച്ചുയർന്നു. ഒറ്റ ദിവസം 95 രൂപ കൂടി ഗ്രാമിന് വില 5625 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 5,530 രൂപയായിരുന്നു.

രാജ്യാന്തര വിപണിയിൽ സ്വർണവില കുതിപ്പു നടത്തുന്നതിനാലാണ് സംസ്ഥാനത്തും വില ഉയരുന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് വില വീണ്ടും 2000 ഡോളർ പിന്നിട്ടു. അമേരിക്കൻ വിപണിയിൽ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ വില 35 ഡോളറിനു മുകളിൽ ഉയർന്ന് 2020 ഡോളറിലെത്തി.

രാജ്യാന്തര വില വർധനയുടെ ആനുപാതികമായ വില വർധന ആഭരണ വിപണിയിലും പ്രതിഫലിച്ചേക്കും. രാജ്യാന്തര വിപണിയിലെ സ്വർണവിലയിൽ നേരിയ തോതിലുള്ള തിരുത്തലുകൾ വന്നപ്പോൾ വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതോടെ സ്വർണ ഡിമാൻഡ് ഉയർന്നതാണ് വില ഉയരാൻ കാരണം.

കേന്ദ്രബാങ്കുകളുടെയും വൻകിട നിക്ഷേപകരുടെയും വാങ്ങൽ തുടർന്നാൽ വില വരും ആഴ്ചകളിൽ വില 2084 ഡോളർ എന്ന നിർണായക നിലവാരം കടന്നേക്കും. രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളിൽനിന്നുള്ള സ്വർണ ഡിമാൻഡ് ഉയരുന്നതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ചൈനയാണ് സ്വർണ കരുതൽ ശേഖരം മുൻപന്തിയിലുള്ള രാജ്യം. നിലവിൽ 2000 ടണ്ണിനു മുകളിലാണ് ചൈനയുടെ സ്വർണ ശേഖരം.

Post a Comment

Previous Post Next Post