കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മാസ്ക് നിര്‍ബന്ധം; കോവിഡ് മാര്‍ഗരേഖ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

(www.kl14onlinenews.com)
(01-April-2023)

കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മാസ്ക് നിര്‍ബന്ധം; കോവിഡ് മാര്‍ഗരേഖ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം :
സംസ്ഥാനത്ത് ദിനംപ്രതി ഉയർന്നു വരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശങ്ങൾ പുറത്തിറക്കിയത്. യോഗത്തെ തുടർന്ന് കേരളത്തിൽ ജീവിതശൈലീ രോഗമുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്നും ആരോഗ്യ വകുപ്പ് ആശുപത്രികൾക്ക് നിർദ്ദേശം നൽകി.

ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിർബന്ധമായും മാസ്‌ക് ധരിക്കണം. ആരോഗ്യ പ്രവർത്തകർ ആശുപത്രിക്കുള്ളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. 60 വയസിന് മുകളിൽ പ്രായമുള്ളവർ, പ്രമേഹം, രക്താതിമർദ്ദം, കാൻസർ, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി മറ്റു അസുഖമുള്ളവർ എന്നിവർക്ക് കൊവിഡ് ഇൻഫ്‌ളുവൻസാ രോഗലക്ഷണമുണ്ടെങ്കിൽ നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തുകയും മാനദണ്ഡങ്ങൾക്കനുസരിച്ച് ചികിത്സ ലഭ്യമാക്കുകയും വേണം.

ഇൻഫ്‌ളുവൻസ രോഗലക്ഷണങ്ങളുള്ള ഗർഭിണികളെ കണ്ടെത്തുവാൻ ആശാ പ്രവർത്തകർ, ഫീൽഡ് ജീവനക്കാർ മുഖേന പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതാണ്. ഗർഭിണികൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൊവിഡ് പരിശോധന നടത്തേണ്ടതാണ്. കൊവിഡ് വാക്‌സിൻ രണ്ട് ഡോസും മുൻകരുതൽ ഡോസും എടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി സമൂഹത്തിൽ അവബോധം നടത്താനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഏതെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ അതേ ആശുപത്രിയിൽ തന്നെ കോവിഡ് രോഗികൾക്കായി പ്രത്യേകമായി മാറ്റിവച്ചയിടത്ത് തുടർ ചികിത്സ ഉറപ്പാക്കണം. ഈ സൗകര്യങ്ങൾ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഒരുക്കുന്നുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉറപ്പ് വരുത്തേണ്ടതാണെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.

Post a Comment

أحدث أقدم