കേരളം കാത്തിരുന്ന വന്ദേഭാരത് എത്തി; വന്‍ വരവേല്‍പ്പ്,ഏപ്രിൽ 25 പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്യും

(www.kl14onlinenews.com)
(14-April-2023)

കേരളം കാത്തിരുന്ന വന്ദേഭാരത് എത്തി; വന്‍ വരവേല്‍പ്പ്,ഏപ്രിൽ 25 പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്യും
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ചിട്ടുള്ള വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി. റേക്കുകൾ പാലക്കാട്ട് എത്തി. ഇന്നലെ ചെന്നൈയിലെത്തിയ റേക്കുകൾ രാവിലെയാണ് പാലക്കാട്ട് എത്തിച്ചേർന്നത്. തിരുവനന്തപുരം - ഷൊർണൂർ പാതയിലൂടെ ഈ മാസം 22ന് പരീക്ഷണയോട്ടം നടത്താനാണ് സാധ്യത. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ വന്ദേഭാരത് ഉദ്ഘാടനം നടത്താനാണ് തീരുമാനം.
വന്ദേഭാരത് മലയാളികള്‍ക്കുള്ള പ്രധാനമന്ത്രിയുടെ വിഷുകൈനീട്ടമാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പ്രതികരിച്ചു. ട്രെയിന്‍ ജനങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് റെയില്‍വേ രംഗത്ത് വലിയ സംരംഭമാണെന്നും മലബാര്‍ മേഖലയില്‍ ഉള്ളവര്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്നും ഒ രാജഗോപാലും പ്രതികരിച്ചു. കേരളത്തിൻറ വികസനത്തിന് വന്ദേഭാരത് വേഗം കൂട്ടുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു.

വന്ദേഭാരത് ഓടിക്കണമെങ്കിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടത്തുകയും സിഗ്നൽ സംവിധാനം മെച്ചപ്പെടുത്തുകയും വേണം. പരീക്ഷണ ഓട്ടം തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കും തിരിച്ചും നടത്തേണ്ടതുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതു സംബന്ധിച്ചുളള റെയിൽവേ ബോർഡിന്റെയോ ദക്ഷിണ റെയിൽവേയുടെയോ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ഡിവിഷൻ അറിയിച്ചു.
റെയിൽവേ ട്രാക്കിന്റെ അറ്റകുറ്റപ്പണി അടുത്ത രണ്ടാഴ്ചകളിലായി നടത്തുമെന്നും അധികൃതർ അറിയിച്ചു. . മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്നതാണ് വന്ദേഭാരത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തിൽ പോകാനാവില്ലെന്നാണ് വിലയിരുത്തൽ. ഈ മാസം 25 ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുംം.

Post a Comment

Previous Post Next Post