രാജ്യത്തിന് വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രി വേണം, മോദിയ്ക്ക് ശാസ്ത്രത്തെ കുറിച്ച് അറിയില്ല; ജയിലിൽ നിന്നും കത്ത്

(www.kl14onlinenews.com)
(07-April-2023)

രാജ്യത്തിന് വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രി വേണം, മോദിയ്ക്ക് ശാസ്ത്രത്തെ കുറിച്ച് അറിയില്ല; ജയിലിൽ നിന്നും കത്ത്
തിഹാർ ജയിലിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കത്തെഴുതി ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്തുകൊണ്ടുള്ള കത്താണ് സിസോദിയ എഴുതിയിരിക്കുന്നത്. രാജ്യ പുരോഗതിയ്ക്ക് വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രി വേണണെന്ന് അദ്ദേഹം കത്തിൽ കുറിയ്ക്കുന്നു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്നത്തെ കാലത്തെ യുവാക്കൾ എന്തെങ്കിലും നേടാൻ ആഗ്രഹിക്കുന്ന അഭിലാഷമുള്ളവരാണ്. അവർ അവസരങ്ങൾ തേടുകയാണ്. ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും അത്ഭുതങ്ങൾ സൃഷ്ടിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം കുറഞ്ഞ പ്രധാനമന്ത്രിയ്ക്ക് ഈ യുവാക്കളുടെ ആഗ്രഹം നിറവേറ്റാനുള്ള കഴിവുണ്ടോയെന്ന് സിസോദിയ ചോദിച്ചു.


ശാസ്ത്രവും സാങ്കേതിക വിദ്യയും അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഇത്തരം സന്ദർഭത്തിൽ അഴുക്കുചാലുകളിൽ പൈപ്പ് കയറ്റി വൃത്തികെട്ട വാതകത്തിൽ നിന്ന് ചായയോ ഭക്ഷണമോ ഉണ്ടാക്കാം എന്ന് പ്രധാനമന്ത്രി പറയുന്നത് കേൾക്കുമ്പോൾ എന്റെ ഹൃദയം തകർന്ന് പോകുന്നുവെന്ന് സിസോദിയ പറഞ്ഞു.

ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം കുറവാണെന്നും ശാസ്ത്രത്തിൽ അടിസ്ഥാനപരമായ അറിവില്ലെന്നും ലോകത്തിന് മുഴുവൻ അറിയാം. കഴിഞ്ഞ വർഷങ്ങളിൽ 60,000 സ്‌കൂളുകൾ അടച്ചുപൂട്ടി. വിദ്യാഭ്യാസത്തിന് സർക്കാർ മുൻഗണന നൽകുന്നില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും സിസോദിയ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മനീഷ് സിസോദിയ ജയിലിൽ നിന്ന് ഒരു കത്തയച്ചിരിക്കുന്നുവെന്ന കുറിപ്പോടെയാണ് കെജ്രിവാൾ കത്ത് പങ്കുവെച്ചത്.

Post a Comment

Previous Post Next Post