മന്ത്രിമാർ ഉൾപ്പെടുന്ന പ്രമുഖർ എഐ ക്യാമറയിൽ കുടുങ്ങിയാലും പിഴ വരില്ല

(www.kl14onlinenews.com)
(19-April-2023)

മന്ത്രിമാർ ഉൾപ്പെടുന്ന പ്രമുഖർ എഐ ക്യാമറയിൽ കുടുങ്ങിയാലും പിഴ വരില്ല
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 എഐ ക്യാമറകളിലൂടെ ഗതാഗത നിയമലംഘനത്തിന് നാളെ മുതൽ പിഴ ചുമത്തും. ക്യാമറയിൽ പിടിച്ചെടുക്കുന്ന നിയമലംഘനങ്ങൾ ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ പരിശോധിച്ച ശേഷമാകും നോട്ടിസ് അയയ്ക്കുക. ഗതാഗത നിയമലംഘനങ്ങൾക്ക് ഒരുദിവസം 30,000 പിഴ നോട്ടിസുകൾ അയയ്ക്കാനാകും.

എന്നാൽ, മന്ത്രിമാർ ഉൾപ്പെടെ പ്രമുഖർ ക്യാമറയിൽ കുടുങ്ങിയാലും പിഴ അടക്കേണ്ടിവരില്ല. പ്രമുഖരെ ഒഴിവാക്കാനാണ് തീരുമാനം. പലപ്പോഴും വേഗ നിയന്ത്രണം കാറ്റിൽ പറത്തി നിരത്തുകളിലൂടെ പായുന്നത് മന്ത്രിമാരുൾപ്പെടെയുള്ളവരാണ്. നിയമം കർക്കശമാക്കിയാൽ ഏറ്റവും കൂടുതൽ പിഴ
ഒടുക്കേണ്ടിവരുന്നതും ഇവരായിരിക്കും. ഈ സാഹചര്യത്തിലാണ് പ്രമുഖർക്ക് ‘ഇളവ്’ അനുവദിക്കുന്നത്.

726 എഐ ക്യാമറകളിൽ 625 എണ്ണം ഹെൽമറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാത്തത്, ബൈക്കുകളിൽ മൂന്നുപേരുടെ യാത്ര, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്താൻ മാത്രമുള്ളതാണ്.

രാത്രിയാത്രയിൽ പോലും കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് യാത്രയെങ്കിൽ കണ്ടുപിടിക്കാൻ ക്യാമറകൾക്കു ശേഷിയുണ്ട്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് വ്യക്തമാകുന്നതടക്കം ഒരേസമയം ഒന്നിലധികം ഫോട്ടോകളാണ് എടുക്കുക.

ഓപ്പറേറ്റർ തലത്തിലും ഇൻസ്പെക്ടർ തലത്തിലും പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണു ശിക്ഷാനടപടികളിലേക്കു കടക്കുക. ഒരു ക്യാമറ രേഖപ്പെടുത്തിയ കുറ്റം തുടർ യാത്രയിൽ അടുത്ത ക്യാമറയിലും പതിഞ്ഞാൽ വീണ്ടും പിഴയൊടുക്കേണ്ടി വരുമെന്നും ആർടിഒ പറഞ്ഞു. ഒന്നിലധികം കുറ്റങ്ങൾ ചെയ്താൽ അത്രയും തവണ ശിക്ഷിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ഇതുസംബന്ധിച്ചുള്ള വിശദീകരണം.

Post a Comment

Previous Post Next Post