വന്ദേഭാരത് ട്രെയിൻ മംഗളൂരു വരെ നീട്ടണമെന്ന് ആവശ്യം ശക്തം

(www.kl14onlinenews.com)
(15-April-2023)

വന്ദേഭാരത് ട്രെയിൻ മംഗളൂരു വരെ നീട്ടണമെന്ന് ആവശ്യം ശക്തം


കാസർകോട്: വന്ദേഭാരത് ട്രെയിൻ മംഗളൂരു വരെ നീട്ടണമെന്നു കാസർകോട് ജനകീയവികസന സമിതി ആവശ്യപ്പെട്ടു. വികസന രംഗത്ത് പിന്നാക്കമായി നിൽക്കുന്ന ജില്ലയിലെ ജനങ്ങൾ ആശുപത്രി, വിദ്യാഭ്യാസം, ജോലി തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ഇതര സംസ്ഥാനങ്ങളെയും മറ്റു ജില്ലകളെയുമാണ് ആശ്രയിക്കുന്നത്. യാത്ര സൗകര്യത്തിന്റെ പരിമിതി കണക്കിലെടുത്ത് കണ്ണൂർ യാത്ര അവസാനിപ്പിക്കുന്ന വന്ദേഭാരത് ട്രെയിൻ മംഗളൂരു വരെ നീട്ടണമെന്ന ആവശ്യം കേന്ദ്രസർക്കാർ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജനകീയ വികസന സമിതി ചെയർമാൻ പി.രമേശ് അധ്യക്ഷത വഹിച്ചു. കെ.ആർ.ഹരീഷ്, കെ.ദിനേഷ്, കെ.ശങ്കരൻ, എ.ടി.നായക്, കമലേഷ്, സൂരജ്‌ഷെട്ടി എന്നിവർ പ്രസംഗിച്ചു.

∙വന്ദേഭാരത് ട്രെയിനു കാസർകോട് സ്റ്റോപ്പ് അനുവദിച്ച് മംഗളൂരു വരെ നീട്ടണമെന്ന് ബിൽഡ് കാസർകോട് സൊസൈറ്റി ആവശ്യപ്പെട്ടു.ഇതിനായി ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും സജീവമായി ഇടപെടണമെന്നും യോഗം അഭ്യർഥിച്ചു.പ്രസിഡന്റ് കൂക്കൾ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ.ഷെയിഖ് ബാവ സേട്ട്, ഡോ.രശ്മി പ്രകാശ്, സലിം അബ്ദുൽ ഖാദർ സന, വൈസ് പ്രസിഡന്റുമാരായ രവീന്ദ്രൻ കണ്ണങ്കൈ, അനൂപ് കളനാട് അക്രം ലത്വാൻ കബീർ മഞ്ചേശ്വരം റഫീഖ് സാദിഖ് മഞ്ചേശ്വരം ദയാകർ മാഡ, അബ്ദുൽ നാസിർ എന്നിവർ‌ പ്രസംഗിച്ചു.

∙പുതുതായി അനുവദിച്ച വന്ദേ ഭാരത്‌ എക്‌സ്‌പ്രസ്‌ ട്രെയിൻ മംഗളൂരു വരെ നീട്ടണമെന്ന് എഐവൈ എഫ്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ തിരുവനന്തപുരത്തു നിന്ന്‌ സർവീസ്‌ ആരംഭിച്ച്‌ കണ്ണൂരിൽ സർവീസ്‌ നിർത്താനാണ്‌ തീരുമാനം. ഇത്‌ ഉപേക്ഷിച്ച്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ മംഗളൂരു വരെ നീട്ടണമെന്നു കേന്ദ്ര റെയിൽവേ മന്ത്രി, റെയിൽവേ സതേൺ മാനേജർ എന്നിവർക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

കാസർകോടിനും വേണം വന്ദേ ഭാരത് ട്രെയിൻ

∙ കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ കണ്ണൂർ വരെ മാത്രമായി സർവീസ് നടത്താൻ തീരുമാനിച്ചതിൽ ജില്ലയിൽ പ്രതിഷേധം. കാസർകോടിനോടുള്ള അവഗണനയ്ക്കെതിരെ ട്രെയിൻ യാത്രികർ രംഗത്തെത്തി.പ്രധാനമന്ത്രി 25ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന കേരളത്തിലെ ആദ്യ വന്ദേ ഭാരത് ട്രെയിനിന്റെ യാത്ര തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെയാക്കി ചുരുക്കിയതാണു പ്രതിഷേധത്തിന് കാരണമാകുന്നത്. ദക്ഷിണ കന്നഡ, കാസർകോട് ജില്ലകളിലുള്ളവർക്ക് തിരുവനന്തപുരം ഭാഗത്തേക്കും തിരിച്ചും പകൽ യാത്രയ്ക്ക് ഗുണകരമാകുന്ന തരത്തിൽ വന്ദേഭാരത് ട്രെയിനിന്റെ സമയം നിശ്ചയിക്കണമെന്നാണ് ആവശ്യം,

കണ്ണൂരിൽ അവസാനിപ്പിക്കുന്ന ട്രെയിനുകൾ കൂടുന്നു

കാസർകോടെത്താതെ നിലവിൽ കണ്ണൂരിൽ യാത്ര അവസാനിക്കുന്ന 6 ട്രെയിനുകളാണുള്ളത്. കണ്ണൂർ–ആലപ്പുഴ എക്സിക്യൂട്ടീവ്, കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി, കണ്ണൂർ–കോയമ്പത്തൂർ എക്സ്‌പ്രസ്, കണ്ണൂർ –ബെംഗളൂരൂ യശ്വന്ത്പൂർ (സേലം വഴി) എക്സ്പ്രസ്, കണ്ണൂർ–എറണാകുളം ഇന്റർ സിറ്റി, കണ്ണൂർ–ഷൊർണൂർ പാസഞ്ചർ തുടങ്ങിയവയാണ് കണ്ണൂരി‍ൽ യാത്ര അവസാനിപ്പിക്കുകയും അവിടെ നിന്ന് തിരിച്ച് സർവീസ് തുടരുകയും ചെയ്യുന്നത്. ഈ നിരയിലേക്ക് വന്ദേഭാരതും എത്തുമോ എന്നതാണ് ജില്ലക്കാരെ ആശങ്കയിലാക്കുന്നത്.

Post a Comment

أحدث أقدم