അക്രമം നടത്തിയത് തന്റെ ‘കുബുദ്ധി’ കൊണ്ടെന്ന് ഷാറൂഖ് സെയ്ഫി; പ്രതിയെ കേരളത്തിലെത്തിച്ചു

(www.kl14onlinenews.com)
(06-April-2023)

അക്രമം നടത്തിയത് തന്റെ ‘കുബുദ്ധി’ കൊണ്ടെന്ന് ഷാറൂഖ് സെയ്ഫി; പ്രതിയെ കേരളത്തിലെത്തിച്ചു
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത് വന്നു. തീ വെപ്പിന് ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തിയെന്നാണ് പ്രതിയുടെ മൊഴി. സംഭവശേഷം റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ ഫ്ലാറ്റ് ഫോമിൽ ഒളിച്ചിരുന്നെന്നും ഇയാൾ പറഞ്ഞു.

പുലർച്ചയോടെയാണ് രത്നഗിരിയിലേക്ക് പോയത്. ജനറൽ കമ്പർട്ട്മെന്റിൽ യാത്ര ചെയ്തത് ടിക്കറ്റ് എടുക്കാതെയാണ്. കേരളത്തിൽ എത്തുന്നത് ആദ്യമായാണെന്നും ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു. അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ‘ കുബുദ്ധി’ കൊണ്ടെന്നാണ് പ്രതിയുടെ മറുപടി. ഇയാളുടെ ഈ മൊഴി മുഖവിലക്കെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അക്രമം നടത്തിയ ട്രെയിനിൽ തന്നെയാണ് രക്ഷപ്പെട്ടതെന്ന മൊഴി ​ഗുരുതരമായ കാര്യമാണ്. പൊലീസ് ഇയാൾക്കായി പരിശോധന നടത്തുമ്പോഴെല്ലാം ട്രെയിനിലും റെയിൽവേസ്റ്റേഷനിലുമായി ഇയാൾ ഉണ്ടായിരുന്നു എന്നത് ​ഗൗരവത്തോടെ കാണേണ്ട കാര്യമാണ്.

കുറ്റം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് മറ്റൊരാളുടെ ഉപദേശമെന്ന് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞതായുള്ള വിവരവും പുറത്തുവന്നിരുന്നു. ആക്രമണം നടത്തിയാൽ നല്ലത് സംഭവിക്കുമെന്ന് ഒരാൾ ഉപദേശം നൽകിയത് കൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ദില്ലിയിൽ നിന്ന് മുംബൈ വരെ ഒരു സുഹൃത്ത് ഒപ്പമുണ്ടായിരുന്നുവെന്ന് ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു. ഇയാളെ യാത്രയിലാണ് പരിചയപ്പെട്ടത്. കോഴിക്കോട്ടേക്കുള്ള ജനറൽ ടിക്കറ്റ് ആണ് കൈവശം ഉണ്ടായിരുന്നത്. എന്നാൽ ഏത് സ്റ്റേഷനിൽ ഇറങ്ങി എന്നറിയില്ല. ട്രെയിൻ ഇറങ്ങിയതിന് പിന്നാലെ പമ്പിൽ പോയി മൂന്ന് കുപ്പി പെട്രോൾ വാങ്ങി. തൊട്ടടുത്ത ട്രെയിനിൽ കയറി അക്രമണം നടത്തുകയായിരുന്നു. പെട്രോൾ ഒഴിച്ച ശേഷം കയ്യിൽ കരുതിയ ലൈറ്റർ കൊണ്ട് കത്തിച്ചുവെന്നും പ്രതി പറഞ്ഞതായാണ് വിവരം.

അതേസമയം രാജ്യത്തെ നടുക്കിയ കേസിലെ മുഖ്യ പ്രതിയെ കേരളത്തിലെത്തിച്ചു. കോഴിക്കോട്ടേക്കാണ് പ്രതിയെ എത്തിച്ചത്. അതിനിടെ, പ്രതിയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയർ പഞ്ചറായി. കണ്ണൂർ മേലൂരിന് സമീപം കാടാച്ചിറയിൽ വച്ചാണ് ടയർ പഞ്ചറായത്. ഒരു മണിക്കൂറിലധികം ഇവിടെ കിടന്ന ശേഷമാണ് വേറൊരു വാഹനമെത്തിച്ച് പ്രതിയെ അതില്‍ കയറ്റി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. പ്രതിയുമായി വഴിയില്‍ കിടന്ന വാഹനത്തിന് എടക്കാട് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.

തലപ്പാടി അതിർത്തി ചെക് പോസ്റ്റ്‌ വരെ ഇന്നോവ കാറിൽ ആയിരുന്നു പ്രതിയെ കൊണ്ടുവന്നത്. പിന്നീട് ഈ വാഹനം മാറ്റി ഫോർട്ടുണർ കാറിൽ പ്രതിയെ മാറ്റി കയറ്റി കാസർഗോഡ് അതിർത്തി കടന്നു. കണ്ണൂരിൽ നിന്ന് ദേശീയ പാത ഒഴിവാക്കി കാർ പോയത് മമ്മാക്കുന്ന് ധർമ്മടം റൂട്ടിലാണ്. മമ്മാക്കുന്ന് എത്തിയതോടെ പുലർച്ചെ 3.35ന് കാറിന്റെ പിൻഭാഗത്തെ ടയർ പൊട്ടി അപകടത്തിൽ പെട്ടു. 45 മിനിറ്റിനു ശേഷം എടക്കാട് പോലീസ് സ്ഥലത്ത് എത്തി വാഹനത്തിന് സുരക്ഷ ഒരുക്കി. പിന്നാലെ കണ്ണൂർ എടിഎസിന്റെ ന്റെ ബൊലേറോ ജീപ്പ് പകരം എത്തിച്ചു. എന്നാൽ ഈ വാഹനവും എഞ്ചിൻ തകരാർ കാരണം വഴിയിലായി. പിന്നീട് 4.45 ഓടെ സ്വകാര്യ കാർ എത്തിച്ചു പ്രതിയെ മാറ്റി കയറ്റി കോഴിക്കോട്ടേക്ക് തിരിച്ചു.

ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ ടി എസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. കൂടുതൽ പേരിലേക്ക് കേസന്വേഷണം നീളുകയാണ്. ചിലരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായും വിവരമുണ്ട്.

പ്രതിയെ പിടികൂടിയത് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ ടി എസ് വ്യക്തമാക്കിയിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. പിടിയിലാവുമ്പോൾ മോട്ടോറോളാ കമ്പനിയുടെ ഫോൺ , ആധാർ കാർഡ് , പാൻകാർഡ് , കൊടാക് ബാങ്ക് എ ടി എം എന്നിവ കയ്യിലുണ്ടായിരുന്നുവെന്നും മഹാരാഷ്ട്ര എ ടി എസ് വിശദീകരിച്ചിരുന്നു.

Post a Comment

Previous Post Next Post