വിദ്വേഷ പ്രസംഗം; കാജൽ ഹിന്ദുസ്ഥാനി അറസ്റ്റിൽ

(www.kl14onlinenews.com)
(10-April-2023)

വിദ്വേഷ പ്രസംഗം; കാജൽ ഹിന്ദുസ്ഥാനി അറസ്റ്റിൽ

അഹമ്മദാബാദ്: വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ വലതുപക്ഷ പ്രവർത്തകയായ കാജൽ ഹിന്ദുസ്ഥാനിയെ (കാജൽ ഷിംഗാല) ഗിർ സോമനാഥ് പോലീസ് അറസ്റ്റ് ചെയ്തു. ഉന ടൗണിൽ രാമനവമി ആഘോഷത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് കഴിഞ്ഞയാഴ്ച കേസെടുത്തതു മുതൽ കാജൽ ഒളിവിലായിരുന്നു. ഒടുവിൽ കാജൽ ഞായറാഴ്ച ഉന ടൗൺ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മാർച്ച് 30 ന് ഹിന്ദു വലതുപക്ഷ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംഘടിപ്പിച്ച രാമനവമി ആഘോഷത്തിനിടെ ന്യൂനപക്ഷ സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്.

കാജൽ ഹിന്ദുസ്ഥാനിയെ കൂടാതെ, കലാപം ഉണ്ടാക്കിയതിന് 76 പേർക്കെതിരെയും പേര് വെളിപ്പെടുത്താത്ത 200 പേർക്കുമെതിരെ പൊലീസ് കേസെടുത്തു. കാജലിന്റെ പ്രസംഗത്തിന് തൊട്ടുപിന്നാലെ, പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. വഴിയാത്രക്കാർക്കും നേരെ കല്ലെറിയുകയും അക്രമണമുണ്ടാകുകയും ചെയ്തു. ജനക്കൂട്ടം വാഹനങ്ങളും തകർത്തു. താനൊരു സംരംഭകയും സാമൂഹിക പ്രവർത്തകയുമാണെന്ന് കാജൽ ഹിന്ദുസ്ഥാനി അവകാശപ്പെടുന്നു. ട്വിറ്ററിൽ 86000 ഫോളോവേഴ്‌സ് ഉണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ കോട്ടയിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കുവേണ്ടി കാജൽ പ്രചാരണം നടത്തിയതായി റിപ്പോർട്ടുണ്ട്.

Post a Comment

أحدث أقدم