അപ്പീൽ നൽകാൻ രാഹുൽ; സൂറത്ത് കോടതിയിൽ നേരിട്ട് ഹാജരായേക്കും; തിങ്കളാഴ്ച പരിഗണിക്കും

(www.kl14onlinenews.com)
(02-April-2023)

അപ്പീൽ നൽകാൻ രാഹുൽ; സൂറത്ത് കോടതിയിൽ നേരിട്ട് ഹാജരായേക്കും;
തിങ്കളാഴ്ച പരിഗണിക്കും

അപകീർത്തി കേസിൽ വിധിച്ച ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാൻ രാഹുൽ ഗാന്ധി തിങ്കളാഴ്‌ച സൂറത്ത് കോടതിയിൽ നേരിട്ട് ഹാജരായേക്കും. വയനാട്ടിൽ നിന്നുള്ള മുൻ കോൺഗ്രസ് എംപി കോടതിയിൽ നേരിട്ട് ഹാജരാകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ക്രിമിനൽ മാനനഷ്‌ടക്കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിയ്ക്ക് ഇതിന് പിന്നാലെ ലോക്‌സഭാംഗത്വം നഷ്‌ടമായിരുന്നു.

2019ൽ കർണാടകയിലെ കോലാറിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുടുംബപ്പേരിനെതിരെ രാഹുൽ ഗാന്ധി നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്ക് എതിരെ മാർച്ച് 23ന് ഗുജറാത്ത് പ്രാദേശിക കോടതി (സൂറത്ത് കോടതി) അദ്ദേഹത്തെ ശിക്ഷിച്ചു.

എല്ലാ കള്ളന്മാരുടെയും പേരിൽ മോദിയുണ്ടെന്ന രാഹുലിന്റെ പരാമർശത്തിന് എതിരെ ഗുജറാത്തിലെ ഒരു ബിജെപി എംഎൽഎയാണ് പരാതി നൽകിയത്. രാഹുൽ ഗാന്ധി തന്റെ പ്രസ്‌താവനയിലൂടെ മോദി സമൂഹത്തെയാകെ അപകീർത്തിപ്പെടുത്തിയെന്ന് എംഎൽഎ പൂർണേഷ് മോദി പരാതിയിൽ ആരോപിച്ചിരുന്നു.

ഐപിസി 499, 500 എന്നീ വകുപ്പുകൾ പ്രകാരമാണ് അപകീർത്തിപ്പെടുത്തൽ കുറ്റം ചുമത്തി രാഹുലിനെതിരെ പൂർണേഷ് മോദി പരാതി നൽകിയത്. അതേസമയം, മേൽക്കോടതി ശിക്ഷാവിധി സ്‌റ്റേ ചെയ്‌തില്ലെങ്കിൽ 52കാരനും, നാല് തവണ എംപിയുമായി രാഹുൽ ഗാന്ധിക്ക് അടുത്ത എട്ട് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.

Post a Comment

Previous Post Next Post