കോഴിക്കോട് ട്രെയിനിൽ തീവെപ്പ്; അക്രമിയുടേതെന്ന് കരുതുന്ന ബാഗ് ട്രാക്കിന് സമീപം; പെട്രോളും മൊബൈൽ ഫോണും കണ്ടെത്തി

(www.kl14onlinenews.com)
(03-April-2023)

കോഴിക്കോട് ട്രെയിനിൽ തീവെപ്പ്; അക്രമിയുടേതെന്ന് കരുതുന്ന ബാഗ് ട്രാക്കിന് സമീപം; പെട്രോളും മൊബൈൽ ഫോണും കണ്ടെത്തി
കോഴിക്കോട്: എലത്തൂരിൽ ട്രെയിനിനകത്ത് യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീയിട്ട അക്രമിയുടേത് എന്ന് സംശയിക്കുന്ന് ബാ​ഗ് ഫോറൻസിക് വിദ​ഗ്ധരും പൊലീസുമുൾപ്പെടെ പരിശോധിച്ചു. പെട്രോള്‍ അടങ്ങിയ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷില്‍ ദിനചര്യ കുറിപ്പ്, ഇയര്‍ഫോണും കവറും, രണ്ട് മൊബൈല്‍ ഫോണ്‍, കപ്പലണ്ടി മിഠായി, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്‌സ്, പാക്കറ്റിലുളള ലഘു ഭക്ഷണം, പഴ്‌സ്, ടീ ഷര്‍ട്ട്, തോര്‍ത്ത്, കണ്ണട എന്നീ വസ്തുക്കളാണ് റെയില്‍വേ ട്രാക്കില്‍ നിന്ന് കിട്ടിയ ബാഗിലുണ്ടായിരുന്നത്. സംഭവത്തില്‍ ഭീകരവാദ, മാവോയിസ്റ്റ് ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്. റെയില്‍വേയും അന്വേഷണം പ്രഖ്യാപിച്ചു.

എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ നിന്നാണ് ബാ​ഗ് ലഭിച്ചത്. ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ് പരിശോധന പൂര്‍ത്തിയായി. ബാഗില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ ആവര്‍ത്തിച്ച് ചില പേരുകള്‍ എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍ പ്രദേശ് സ്വദേശിയാണ് അക്രമിയെന്നാണ് പ്രാഥമിക നിഗമനം. ലഭിച്ച ബുക്കുകളില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് എഴുതിയിരിക്കുന്നത്. മലയാളത്തിലുളള എഴുത്തുകളൊന്നും ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തെ സ്ഥലപ്പേരുകളും കുറിപ്പിലുണ്ട്. കഴക്കൂട്ടം, ചിറയിന്‍കീഴ്, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് ഉളളത്. ഡല്‍ഹി, നോയിഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ഇംഗ്ലീഷില്‍ എസ് എന്നും എഴുതിയിട്ടുണ്ട്.

പല റെയിൽവേ സ്റ്റേഷനുകളുടെ പേരുകളും ലഭിച്ച കുറിപ്പിലുണ്ട്. ബ്രൗൺ നിറത്തിലുളള ടീ ഷർട്ട്, ഒരു ട്രാക്ക് പാന്റ്, ഓവർ കോട്ട്, കുറച്ച് ആണികളും ബാ​ഗിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തിൽ അക്രമിക്കും പരുക്കേറ്റതായാണ് വിവരം. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉള്‍പ്പെടെ വിവരശേഖരണം തുടങ്ങി.
ഞായറാഴ്ച രാത്രി 9 മണിക്ക് കണ്ണൂർ ഭാഗത്തേക്ക് പോയ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ എലത്തൂർ കോരപ്പുഴ പാലത്തിൽ എത്തിയപ്പോൾ ആയിരുന്നു അക്രമം. ആക്രമണത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ പുലർച്ചെ റെയിൽവേ ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി നൗഫിക്, റഹ്മത്ത് (48), ഇവരുടെ സഹോദരിയുടെ മകൾ സഹറ(2) എന്നിവരുടെ മൃതദേഹമാണ് ട്രാക്കിൽ നിന്ന് ലഭിച്ചത്. ഇവർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ട്രെയ്നിൽ നിന്ന് ചാടിയതാകാമെന്നാണ് നി​ഗമനം.
പരുക്കേറ്റവരിൽ മൂന്ന് പേർ ​തീവ്രപരിചരണ വിഭാ​ഗത്തിലാണ്. ചുവന്ന ഷര്‍ട്ട് ധരിച്ച തൊപ്പി വച്ച മധ്യ വയസ്കനായ സാധാരണ ശാരീരിക പ്രകൃതിയുള്ള അജ്ഞാതന്‍ കയ്യില്‍ കരുതിയ കുപ്പിയിലുണ്ടായിരുന്ന ഇന്ധനം റിസര്‍വ്വ്ഡ് കംപാര്‍ട്ട്മെന്‍റിലെ യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ കയറിയ ശേഷം ബോഗികള്‍ക്കുള്ളിലൂടെയാവാം ഇയാള്‍ റിസര്‍വ്വ്ഡ് കംപാര്‍ട്ട്മെന്‍റിലേക്ക് എത്തിയതെന്നാണ് സംശയിക്കുന്നത്.

Post a Comment

Previous Post Next Post