മുംബൈയെ അടിച്ചൊതുക്കി കോഹ്‍ലിയും ഡു പ്ലസിസും; ആർസിബിക്ക് അനായാസ ജയം

(www.kl14onlinenews.com)
(03-April-2023)

മുംബൈയെ അടിച്ചൊതുക്കി കോഹ്‍ലിയും ഡു പ്ലസിസും; ആർസിബിക്ക് അനായാസ ജയം
ബംഗളൂരു: ഉശിരൻ അർധസെഞ്ച്വറികളുമായി വിരാട് കോഹ്‍ലിയും ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസും കളം നിറഞ്ഞതോടെ മുംബൈക്കെതിരായ ഐ.പി.എൽ പോരാട്ടത്തിൽ ബംഗളൂരുവിന് അനായാസ ജയം. സന്ദർശകർ മുന്നോട്ടുവെച്ച 172 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ആതിഥേയർ മറികടക്കുകയായിരുന്നു. 49 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും സഹിതം 82 റൺസെടുത്ത് കോഹ്‍ലി പുറത്താവാതെ നിന്നപ്പോൾ ഡു പ്ലസിസ് 43 പന്തിൽ ആറ് സിക്സും അഞ്ച് ഫോറുമടക്കം 73 റൺസെടുത്തു. അർഷദ് ഖാന്റെ പന്തിൽ ടിം ഡേവിഡ് പിടിച്ചാണ് ക്യാപ്റ്റൻ പുറത്തായത്. തുടർന്നെത്തിയ ദിനേശ് കാർത്തിക് മൂന്ന് പന്ത് നേരിട്ട് റൺസൊന്നുമെടുക്കാതെ കാമറൂൺ ഗ്രീനിന്റെ പന്തിൽ തിലക് വർമ പിടിച്ച് പുറത്തായി. പിന്നീട് ​ക്രീസിലെത്തിയ ​െഗ്ലൻ മാക്സ്വെൽ നേരിട്ട മൂന്ന് പന്തിൽ രണ്ടും സിക്സടിച്ചതോടെ കളി 16.2 ഓവറിൽ അവസാനിക്കുകയായിരുന്നു.

നേരത്തെ മുൻനിര ഒന്നടങ്കം റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടപ്പോൾ തകർപ്പൻ അർധസെഞ്ച്വറിയുമായി മുംബൈക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് തിലക് വർമയായിരുന്നു. 46 പന്തിൽ നാല് സിക്സും ഒമ്പത് ഫോറുമടക്കം പുറത്താവാതെ 84 റൺസടിച്ച താരത്തിന്റെ മികവിൽ മുംബൈ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണെടുത്തത്.

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടിയ ബംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മുംബൈക്കായി ഓപണറായി ഇറങ്ങിയ രോഹിത് ശർമ പത്ത് പന്ത് നേരിട്ട് ഒരു റൺസ് മാത്രമെടുത്ത് ആകാശ് ദീപിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന് പിടികൊടുത്ത് മടങ്ങി. 13 പന്തിൽ 10 റൺസെടുത്ത സഹഓപണർ ഇഷാൻ കിഷനെ മുഹമ്മദ് സിറാജിന്റെ പന്തിൽ ഹർഷൽ പട്ടേലും പിടികൂടി. വൺഡൗണായെത്തിയ കാമറൂൺ ഗ്രീൻ അഞ്ച് റൺസെടുത്ത് മടങ്ങിയതോടെ മുംബൈയുടെ പ്രതീക്ഷ മുഴുവൻ സൂര്യകുമാർ യാദവിലായി. എന്നാൽ, 16 പന്തിൽ 15 റൺസെടുത്ത് സൂര്യയും മടങ്ങിയതോടെ സന്ദർശകർ നാലിന് 48 എന്ന നിലയിലായി.

തുടർന്ന് തിലക് വർമയും നേഹൽ വധേരയും ചേർന്നുള്ള കൂട്ടുകെട്ടാണ് മുംബൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 13 പന്തിൽ 21 റൺസെടുത്ത വധേരയെ കരൺ ശർമ കോഹ്‍ലിയുടെ കൈയിലെത്തിച്ചു. തുടർന്നെത്തിയ ടിം ഡേവിഡ് (നാല്), ​ഹൃത്വിക് ഷൊകീൻ (അഞ്ച്) എന്നിവർ വേഗം മടങ്ങിയപ്പോൾ അർഷദ് ഖാൻ ഒമ്പത് പന്തിൽ 15 റൺസെടുത്ത് തിലക് വർമക്ക് മികച്ച പിന്തുണ നൽകി. ബംഗളൂരുവിനായി കരൺ ശർമ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ്, റീസ് ടോപ്‍ലി, ആകാശ്ദീപ്, ഹർഷൽ പട്ടേൽ, മൈക്കൽ ബ്രേസ്വെൽ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Post a Comment

Previous Post Next Post