അരികൊമ്പന്‍ വിഷയത്തില്‍ തിരിച്ചടി; സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി

(www.kl14onlinenews.com)
(17-April-2023)

അരികൊമ്പന്‍ വിഷയത്തില്‍ തിരിച്ചടി; സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: അരികൊമ്പന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. അരിക്കൊമ്പനെ പറമ്പികുളം ടൈഗര്‍ റിസര്‍വിലേക്ക് മാറ്റുന്നത് സംബന്ധിച്ച ഹെക്കോടതി നിര്‍ദേശത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി.

അരികൊമ്പനെ മാറ്റാനുള്ള ശിപാര്‍ശ വിദഗ്ധ സമിതിയാണ് നല്‍കിയതെന്ന് നിരീക്ഷിച്ചാണ് വിഷയത്തില്‍ ഇടപെടാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചത്. ഹൈകോടതി ഇടപെടല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈകോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യംപരിഗണിക്കാന്‍ സുപ്രീംകോടതി തയാറായില്ല.

1971 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) വകുപ്പ് പ്രകാരം ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കാന്‍ അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. നിയമപരമായ ഈ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടിച്ച് കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. ഈ തീരുമാനത്തില്‍ ഹൈക്കോടതി ഇടപെട്ടത് തെറ്റാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയെന്ന് അപ്പീലില്‍ കേരളം ആരോപിച്ചു. ഇടുക്കി ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ നടത്തിയ അക്രമങ്ങളെ സംബന്ധിച്ചും അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്. ഏഴുപേരെയാണ് ഇതുവരെ അരിക്കൊമ്പന്‍ കൊലപ്പെടുത്തിയത്. 2017-ല്‍ മാത്രം 52 വീടുകളും കടകളും തകര്‍ത്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് റേഷന്‍ കടകളും, 22 വീടുകളും, 6 കടകളും തകര്‍ത്തു. എന്നാല്‍ ഏഴുപേരെ കൊലപ്പെടുത്തിയത് പോലും കണക്കിലെടുക്കാന്‍ ഹൈക്കോടതി തയ്യാറായില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ പറഞ്ഞു. സ്റ്റാന്‍ഡിങ് കോണ്‍സുല്‍ സി.കെ. ശശിയാണ് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

അരികൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ കഴിഞ്ഞ ആഴ്ച ഹൈക്കോടതി വിസമ്മതിച്ചിരുന്നു. എന്നാല്‍, ഒരാഴ്ചയ്ക്കുള്ളില്‍ ആനയെ മാറ്റാന്‍ സംസ്ഥാനത്തിന് അനുയോജ്യമായ ബദല്‍ മാര്‍ഗം കണ്ടെത്താനായാല്‍ ആനയെ അങ്ങോട്ടേക്ക് മാറ്റാമെന്നും എന്നാല്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് തന്നെ മാറ്റണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post