വീടിന് മുകളിൽ യുവതി മരിച്ച നിലയിൽ : ദുരൂഹത

(www.kl14onlinenews.com)
(03-April-2023)

വീടിന് മുകളിൽ യുവതി മരിച്ച നിലയിൽ : ദുരൂഹത
വാഴക്കാട്: വീടിന് മുകളിൽ യുവതിയെ ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാട് ചെറുവട്ടൂർ നെരോത്ത് മുഹിയുദ്ദീന്റെ ഭാര്യ പുതാടമ്മൽ നജ്മുന്നിസ(32)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച പുലർച്ചെ നാലോടെയാണ്​ സംഭവം. പുലർച്ചെ ഭർത്താവ് മൊഹിയുദ്ദീനാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. നജ്മുന്നീസയുടെ ബാഗും ചെരിപ്പും സമീപത്തെ അടച്ചിട്ട വീട്ടിൽ നിന്നും കണ്ടെത്തി.

യുവതിയുടെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ വാഴക്കാട് പൊലീസിനോട് പറഞ്ഞു. യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വാഴക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവ് മൊഹിയുദ്ദിനെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു. തറവാട് വീട്ടിലായിരുന്ന നജ്മുന്നിസയെ രാത്രിയോടെ വീടിന്റെ ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ഭർത്താവ് പൊലീസിന് മൊഴി നൽകിയത്. കുടുംബ പ്രശ്നം നിലനിൽക്കുന്നതിനാൽ യുവതി പിതാവിനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്

ജില്ല പൊലീസ്​ മേധാവി സുജിത്​ ദാസ്​, കൊണ്ടോട്ടി എ.എസ്.പി വിജയ് ഭരത് റെഡ്‌ഡി, വാഴക്കാട് എസ്.ഐ ഷാഹുൽ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. മലപ്പുറം വിരലടയാള വിദഗ്ധർ, ജില്ലാ ഫോറൻസിക് വിഭാഗം, ഡോഗ് സ്കോഡ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണകാര്യത്തിൽ വ്യക്തവരൂഎന്നും പോലീസ് പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച രാത്രി പത്ത് മണിയോടെ വാഴക്കാട് വലിയ ജുമാമസ്ജിദിൽ ഖബറടക്കി. പിതാവ്. പൂതാടമ്മൽ ആലി. മാതാവ്. ആമിന. മക്കൾ. നജാദ് മൊഹിയുദ്ദീൻ, അസ്മിൻ വൈസ്.

Post a Comment

Previous Post Next Post