കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 189 സീറ്റുകളിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; 52 പുതുമുഖങ്ങൾ

(www.kl14onlinenews.com)
(11-April-2023)

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 189 സീറ്റുകളിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; 52 പുതുമുഖങ്ങൾ
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. 189 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ 52 പേരും പുതുമുഖങ്ങളാണ്. ഇതിന് പുറമേ 32 പേര്‍ ഒബിസിയും 32 പേര്‍ പട്ടികജാതിക്കാരും 16 പേര്‍ പട്ടികവര്‍ഗത്തില്‍ നിന്നുള്ള പ്രതിനിധികളുമാണ്.

പത്രികാസമര്‍പ്പണത്തിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതില്‍ സംസ്ഥാന നേതൃത്വത്തില്‍ അതൃപ്തി രൂക്ഷമാണ്. കോണ്‍ഗ്രസാകട്ടെ ഇതിനോടകം രണ്ട് പട്ടികകളിലായി 166 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ശക്തമാക്കി കഴിഞ്ഞു. ജെഡിഎസ് 93 സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന ഘടകത്തിലെ ഭിന്നിപ്പുകള്‍ പരിഹരിക്കാന്‍ കഴിയാത്തതാണ് പട്ടിക വൈകാന്‍ കാരണം.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗ്ഗാവോണില്‍ നിന്നും മത്സരിക്കും. മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്ര ശിക്കാരിപുരയില്‍ നിന്നും മത്സരിക്കും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി ചിക്കമംഗളൂരു സീറ്റില്‍ മത്സരിക്കും.

കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനിക്കാന്‍ ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ നിന്നും യെദ്യൂരപ്പ ഇറങ്ങിപ്പോന്നിരുന്നു. ചില വ്യക്തിപരമായ കാരണങ്ങളാലാണ് യെദ്യുരപ്പ ബെംഗളൂരുവിലേക്ക് മടങ്ങിയത് എന്നാണ് പാര്‍ട്ടിയുടെ വിശദീകരണമെങ്കിലും യദ്യുരപ്പ തൃപ്തനല്ല എന്ന സൂചന തന്നെയാണ് കിട്ടുന്നത്. 30 സ്ഥാനാര്‍ത്ഥികളെ യെദ്യുരപ്പ നിശ്ചയിച്ചു കഴിഞ്ഞു. ഇത് അംഗീകരിക്കാന്‍ മറ്റ് ഗ്രൂപ്പുകള്‍ തയ്യാറാകാതെ വന്നതോടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയായത്.

2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 104 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. കോണ്‍ഗ്രസ് 80 സീറ്റുകളിലും ജനതാദള്‍ എസ് 37 സീറ്റുകളിലുമാണ് വിജയിച്ചത്. മെയ് 10നാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. മെയ് 13നാണ് വോട്ടെണ്ണല്‍ നടക്കുക.

Post a Comment

Previous Post Next Post