രാമ നവമി സംഘർഷം: ബംഗാളിലും ബിഹാറിലും 144, മഹാരാഷ്ട്രയിലും ഗുജറാത്തിലും വ്യാപക അറസ്റ്റ്

(www.kl14onlinenews.com)
(01-April-2023)

രാമ നവമി സംഘർഷം: ബംഗാളിലും ബിഹാറിലും 144, മഹാരാഷ്ട്രയിലും ഗുജറാത്തിലും വ്യാപക അറസ്റ്റ്

ന്യൂഡൽഹി: രാമ നവമിയോടനുബന്ധിച്ച് പല സംസ്ഥാനങ്ങളിലും ഉടലെടുത്ത സംഘർഷ സാഹചര്യങ്ങളിൽ ഇതുവരെയും അയവ് വന്നിട്ടില്ല. വിവിധ സ്ഥലങ്ങളിൽ സംഘർഷവും അറസ്റ്റും തുടരുന്നു. ചിലയിടങ്ങളിൽ സംഘർഷം നിയന്ത്രിക്കാൻ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ ഹൗറയിൽ പുതുതായി വീണ്ടും ഇരു വിഭാഗങ്ങൾ തമ്മിൽ കല്ലെറിയുന്ന സംഭവങ്ങൾ വെള്ളിയാഴ്ച രാത്രി റിപ്പോർട്ട് ചെയ്തു. ക്രമസമാധന നില പാലിക്കാൻ അധികൃതർ നിരോധനാജ്ഞ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഇവിടെ. ഇരു സമുദായങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ബിഹാറിലെ സസരമിലും നളന്ദയിലും 144 പ്രഖ്യാപിച്ചു.
ഗുജറാത്തിലെ വഡോദരയിൽ രാമനവമി ഘോഷയാത്രയിലേക്ക് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് പൊലീസ് 24 പേരെ കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ മൽവാനിയിൽ രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 21 പേരെ അറസ്റ്റ് ചെയ്തു.

പശ്ചിമ ബംഗാൾ
ഹൗറയിലെ ഷിബ്പൂരിൽ വ്യാഴാഴ്ച രാമ നവമി ആഘോഷത്തിനിടെ ഇരു സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അക്രമികൾ നിരവധി വാഹനങ്ങളും കടകളും തകർത്തു. ധാൽകോല നഗരത്തിലും ആക്രമണങ്ങൾ അരങ്ങേറി.

വെള്ളിയാഴ്ച വീണ്ടും ആക്രമണങ്ങൾ ശക്തമായി. ഹൗറയിലെ ഷിബ്പൂരിൽ അജ്ഞാതരായ ആളുകൾ പൊലീസിനു നേരെ കല്ലെറിഞ്ഞു. കൂട്ടം കൂടിയ ആളുകളെ പിരിച്ചു വിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. തുടർന്ന് ഷിബ്പൂരിൽ 144 പ്രഖ്യാപിച്ചു.

ബിഹാർ
ബിഹാറിലെ സസരമിൽ രാമനവമി ആഘോഷത്തിന് ശേഷം വെള്ളിയാഴ്ചയാണ് സംഘർഷം ഉടലെടുത്തത്. കല്ലേറും വെടിവെപ്പുമുണ്ടായി. അതിശക്തമായ പൊലീസ് സുരക്ഷയാണ് പ്രദേശത്ത് നടപ്പാക്കിയിരിക്കുന്നത്. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. നളന്ദ ജില്ലയിലും സംഘർഷം രൂക്ഷമായിരുന്നു. കല്ലേറും വാഹനങ്ങൾക്ക് തീയിടലും അരങ്ങേറി.

മഹാരാഷ്ട്ര
രാമ നവമി ആഘോഷത്തിനിടെയുണ്ടായ ആക്രമണങ്ങളിൽ മഹാരാഷ്ട്രയിലെ ഛത്രപതി സാംമ്പാജി നഗറിൽ ഒരാൾക്ക് പരിക്കേറ്റു.

ഔറംഗാബാദിൽ സംഘർഷം നിയന്ത്രിക്കാനുള്ള പൊലീസ് ശ്രമത്തിനിടെ ആളുകൾ പൊലീസിനു നേരെ കല്ലെറിയുകയും പെട്രോൾ നിറച്ച് കുപ്പികൾ എറിയുകയും ചെയ്തു. സംഘർഷത്തിൽ 10 പൊലീസുകാരുൾപ്പെടെ 12 പേർക്ക് പരിക്കേറ്റു.

പൊലീസ് ​സ്റ്റേഷനു ​നേരെ ആൾക്കൂട്ട ആക്രമണം നടക്കുകയും സംഭവത്തിൽ പൊലീസ് ഏഴുപേരെ അറസ്റ്റ് ​ചെയ്യുകയും ചെയ്തു.

രാമ നവമി ആഘോഷത്തിനിടെ ഉച്ചത്തിൽ പാട്ടുവെച്ചത് ചിലർ എതിർക്കുകയും അതേതുടർന്ന് മുംബൈയിലെ മൽവാനിയിൽ സംഘർഷം ഉടലെടുക്കുകയും ചെയ്തു. ആകെ 21 പേരെ മഹാരാഷ്ട്രയില സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ​ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരെ ഏപ്രിൽ ആറ് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഗുജറാത്ത്

രാമ നവമി ഘോഷയാത്രയിലേക്ക് കല്ലെറിഞ്ഞെന്ന് ആരോപിച്ച് 24 പേരെ വഡോദരയിൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post