വന്ദേഭാരത് ടിക്കറ്റ് ബുക്കിങ്ങിലും കുതിപ്പ്, മേയ് 1 വരെ എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് വെയ്‌റ്റ്‌ലിസ്റ്റായി

(www.kl14onlinenews.com)
(24-April-2023)

വന്ദേഭാരത് ടിക്കറ്റ് ബുക്കിങ്ങിലും കുതിപ്പ്, മേയ് 1 വരെ എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് വെയ്‌റ്റ്‌ലിസ്റ്റായി
തിരുവനന്തപുരം: തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിങ്ങിലും വൻ കുതിപ്പ്. മേയ് ഒന്നുവരെയുള്ള ടിക്കറ്റുകളിലാണ് റിസർവേഷൻ അതിവേഗം പൂർത്തിയാകുന്നത്. മേയ് 1 വരെയുള്ള സർവീസുകളിൽ ഇരുദിശകളിലേക്കുമുള്ള എക്സിക്യൂട്ടീവ് ക്ലാസിൽ കൺഫേം ടിക്കറ്റ് ലഭ്യമല്ല. എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റുകളെല്ലാം വെയ്‌റ്റ്‌ലിസ്റ്റിലാണ്. മേയ് 1 വരെയുള്ള ദിവസങ്ങളിൽ 200 മുതൽ 300 സീറ്റുകൾ മാത്രമാണു ചെയർകാറിൽ ബാക്കിയുള്ളത്. 1024 ചെയർകാർ സീറ്റുകളും 104 എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകളുമാണു വന്ദേഭാരത് ട്രെയിനിലുള്ളത്.

ഇന്നലെ രാവിലെ 8 നാണ് ടിക്കറ്റ് വിൽപന തുടങ്ങിയത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് സ്റ്റേഷനുകളിൽനിന്ന് തിരുവനന്തപുരത്തേക്ക് മേയ് രണ്ടു മുതലുള്ള ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയുമാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക.

തിരുവനന്തപുരം–കാസർകോട് യാത്രയ്ക്കു ചെയർകാറിൽ 1590 രൂപയും എക്സിക്യൂട്ടീവ് ക്ലാസിൽ 2880 രൂപയുമാണു നിരക്ക്. കാസർകോടു നിന്ന് തിരുവനന്തപുരത്തേക്ക് ചെയർകാറിൽ 1520, എക്സിക്യൂട്ടീവ് ക്ലാസിൽ 2815 രൂപയുമാണ് നിരക്ക്. ഭക്ഷണത്തിന്റെ നിരക്ക് ഉൾപ്പെടെയാണിത്. ടിക്കറ്റ് ബുക്കിങ് സമയത്ത് ഭക്ഷണം വേണ്ടെന്നു വയ്ക്കാനുള്ള അവസരമുണ്ട്. അങ്ങനെയെങ്കിൽ ടിക്കറ്റ് നിരക്കും അതിനനുസരിച്ച് കുറയും.

ചെയർകാർ, എക്സിക്യൂട്ടീവ് കാർ എന്നിവയിൽ ഭക്ഷണത്തിന് വ്യത്യസ്ത നിരക്കാണ്. ചെയർകാറിൽ ചുരുങ്ങിയ ദൂരത്തെ യാത്രയ്ക്ക് 65 രൂപയുടെയും എക്സിക്യൂട്ടീവ് ക്ലാസിൽ 105 രൂപയുടെ ഭക്ഷണവുമാണ് നൽകുക. ദീർഘദൂര യാത്രയ്ക്ക് ചെയർകാറിൽ 290 രൂപയുടെ ഭക്ഷണവും എക്സിക്യൂട്ടീവ് ക്ലാസിൽ 350 രൂപയുടെ ഭക്ഷണവും നൽകും. രാവിലെ കാസർകോട്ടേക്കുള്ള യാത്രയിൽ ചായ/കോഫി, ബിസ്കറ്റ്, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവയാണുണ്ടാവുക. മടക്കയാത്രയിൽ ഈവനിങ് ഹൈ ടീ, ഡിന്നർ എന്നിവ മാത്രമേയുള്ളൂ. ടിക്കറ്റിനൊപ്പം ഭക്ഷണം വേണ്ടെന്നുവച്ചാലും ട്രെയിനിൽ പണം കൊടുത്തു വാങ്ങാൻ കഴിയും.

Post a Comment

أحدث أقدم