മതസൗഹാർർദ്ദ രാഷ്ട്രീയ സമ്മേളനം മാർച്ച്‌ 25 ന് എറണാകുളത്ത്

(www.kl14onlinenews.com)
(19-Mar-2023)

മതസൗഹാർർദ്ദ രാഷ്ട്രീയ സമ്മേളനം മാർച്ച്‌ 25 ന് എറണാകുളത്ത്
എറണാകുളം:  ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ നേതൃത്വത്തിൽ മാർച്ച് 25 ന് എറണാകുളത്ത് നടക്കുന്ന മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനത്തിന്റെ പോസ്റ്റർ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പ്രകാശനം ചെയ്തു. പ്രതിപക്ഷ നേതാവിന്റെ എറണാകുളം ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡണ്ട് രാജീവ്‌ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി അംഗങ്ങളായ ജിൻസി ജേക്കബ്, സി. ചാണ്ടി, മായ തമ്മനം എന്നിവർ പ്രകാശനച്ചടങ്ങിന് നേതൃത്വം നൽകി. 

കേരളത്തിൽ 14 ജില്ലകളിലും, ഇന്ത്യയിലെ 30 സംസ്ഥാനങ്ങളിലും, 20 വിദേശ രാജ്യങ്ങളിലും സമ്മേളനങ്ങൾ സംഘടിപ്പിക്കുവാനാണ് ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ തയ്യാറെടുക്കുന്നത്.

ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പരിപാടിയുടെ ആദ്യ സമ്മേളനം, ഫെബ്രുവരി 11 ന് കണ്ണൂരിൽ നടക്കുകയുണ്ടായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌, തൃണമൂൽ കോൺഗ്രസ്‌, ഫോർവേർഡ് ബ്ലോക്ക്‌, കേരള കോൺഗ്രസ് (എം), എസ്. ആർ. പി തുടങ്ങി രാഷ്ട്രീയ പാർട്ടികളുടെയും, സാമൂഹ്യ- സാംസ്കാരിക സംഘടനകളുടെയും സംസ്ഥാന - ജില്ലാ നേതാക്കൾ കണ്ണൂരിലെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ആദ്യ സമ്മേളനത്തിൽത്തന്നെ അഞ്ച് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തത് ശ്രദ്ധേയമായി. വരും സമ്മേളനങ്ങളിൽ സി.പി.എം, സി.പി.ഐ, മുസ്ലീംലീഗ്, ഐ.എൻ.എൽ, എൻ.സി.പി, ജനതാദൾ, ഡി.എം.കെ അടക്കമുള്ള രാജ്യത്തെ മുഴുവൻ ദേശീയ പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളേയും പങ്കെടുപ്പിക്കുവാനുള്ള പരിശ്രമം ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ ഊർജ്ജിതമാക്കി.

ഇന്ത്യക്കകത്തും പുറത്തുമായി ഒരു വർഷം നടക്കുന്ന 64 സമ്മേളനങ്ങളുടെ സമാപനം, 2024 ഫെബ്രുവരി 23, 24, 25 തീയതികളിൽ ഡെൽഹിയിൽ സംഘടിപ്പിക്കും. ഈ സമാപന സമ്മേളനം, രാജ്യത്തെ മുഴുവൻ ദേശീയ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെയും സംഗമ വേദിയാക്കുവാനാണ് ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ പരിശ്രമിക്കുന്നത്.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ രാജ്യത്തെ മുഴുവൻ ദേശീയ പ്രതിപക്ഷ പാർട്ടികളെയും ഒന്നിച്ചണിനിരത്തുവാൻവേണ്ടി, ലോകമെമ്പാടുമുള്ള ഇന്ത്യാക്കാർ നടത്തുന്ന ജനകീയ രാഷ്ട്രീയ മുന്നേറ്റമാണ് ഈ മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനമെന്ന് ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ്‌ രാജീവ്‌ ജോസഫ് വ്യക്തമാക്കി.

എറണാകുളത്തെ സമ്മേളനത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ, 9072795547 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.


Post a Comment

Previous Post Next Post