ബ്രഹ്മപുരം തീപിടിത്തം; 'അട്ടിമറിയില്ല', തീപിടിത്തത്തിന് കാരണം അമിത ചൂടെന്ന് പൊലീസ് റിപ്പോർട്ട്

(www.kl14onlinenews.com)
(28-Mar-2023)

ബ്രഹ്മപുരം തീപിടിത്തം; 'അട്ടിമറിയില്ല', തീപിടിത്തത്തിന് കാരണം അമിത ചൂടെന്ന് പൊലീസ് റിപ്പോർട്ട്
അട്ടിമറിയില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്. അമിതമായ ചൂടാണ് 12 ദിവസത്തോളം നീണ്ടുനിന്ന തീപിടുത്തത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിശദമായി നടത്തിയ അന്വേഷണത്തിൽ പ്ലാന്റിൽ തീയിട്ടതിന് തെളിവില്ല. എന്നാൽ മാലിന്യത്തിന്റെ അടിത്തട്ടിൽ ഉയർന്ന താപനില തുടരുകയാണ്. പ്ലാന്റിൽ ഇനിയും തീപിടുത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ ദിവസങ്ങളോളം നീണ്ടുനിന്ന തീപിടിത്തത്തെ തുടർന്നാണ് സമഗ്രമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. പ്ലാന്റിലെ ജീവനക്കാരുടെയും കരാർ കമ്പനി ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും അടക്കം 50ഓളം പേരുടെ മൊഴിയെടുത്തിരുന്നു. സിസിടിവി ക്യാമറകളും മൊബൈൽ ഫോണുകളും പരിശോധിച്ചു. എന്നാൽ പരിശോധയിൽ ദുരൂഹതയൊന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ബ്രഹ്മപുരത്തെ തീ പൂർണ്ണമായും അണച്ചതിനു ശേഷം വിദഗ്ധരുടെ സാന്നിധ്യത്തിൽ പ്ലാന്റിൽ പരിശോധന നടത്തിയിരുന്നു. മാലിന്യ കൂമ്പാരത്തിന് മുകളിൽ 34 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. എന്നാൽ രണ്ടടി താഴ്ചയിൽ 45 ഡിഗ്രിയായിരുന്നു താപനില. വലിയ കനത്തിൽ കിടക്കുന്ന മാലിന്യ കൂമ്പാരത്തിന് അടിത്തട്ടിലേക്ക് എത്തുമ്പോൾ താപനില വീണ്ടും ഉയരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. പ്ലാന്റിൽ എപ്പോഴും തീപിടിത്ത സാധ്യതയുണ്ടെന്നും തീ അണയ്ക്കാനുള്ള സംവിധാനവും സ്ഥിരമായ നിരീക്ഷണവും വേണമെന്നും റിപ്പോർട്ടിലുണ്ട്.

Post a Comment

أحدث أقدم