സിപിഎമ്മിലെ സ്ത്രീകൾക്ക് എതിരെ നടത്തിയ പരാമർശത്തിൽ സുരേന്ദ്രൻ മാപ്പ് പറയണമെന്ന് സുധാകരൻ

(www.kl14onlinenews.com)
(28-Mar-2023)

സിപിഎമ്മിലെ സ്ത്രീകൾക്ക് എതിരെ നടത്തിയ പരാമർശത്തിൽ സുരേന്ദ്രൻ മാപ്പ് പറയണമെന്ന് സുധാകരൻ
തിരുവനന്തപുരം: ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രന്റെ പരാമർശത്തിനെതിരെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. ‘സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്ന സുരേന്ദ്രന്റെ പ്രസ്താവന അപലപനീയമാണെന്നും ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തിൽ സമീപകാലത്ത് കേട്ടിട്ടില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ സുരേന്ദ്രനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ധൈര്യം കാണിക്കണമെന്നും സുധാകരൻ പറഞ്ഞു. സുരേന്ദ്രനെതിരെ ശബ്ദിക്കാൻ പിണറായി വിജയനും എം വി ഗോവിന്ദനും ഒക്കെ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച സുധാകരൻ, എന്തെങ്കിലും നാക്കുപിഴകൾ കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും വീഴുമ്പോൾ വലിയ പ്രതികരണങ്ങൾ നടത്തുന്ന സി പി എം നേതാക്കളുടെയും സഹയാത്രികരുടെയും നാവിറങ്ങി പോയിരിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.

സുധാകരന്റെ കുറിപ്പ് പൂർണരൂപത്തിൽ

“സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി” എന്ന കെ .സുരേന്ദ്രന്റെ പ്രസ്താവന അപലപനീയമാണ്. ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തിൽ സമീപകാലത്ത് കേട്ടിട്ടില്ല.

നരേന്ദ്രമോദിയുടെ അടിമയെ പോലെ കേരളം ഭരിക്കുന്ന പിണറായി വിജയനും സിപിഎമ്മിനും ഈ പരാമർശത്തിനെ എതിർക്കാൻ ഭയമായിരിക്കാം. സ്വന്തം പാർട്ടിയിലെ വനിതകളെ അപമാനിച്ചിട്ടും സിപിഎം പുലർത്തുന്ന മൗനം ഞെട്ടിക്കുന്നതാണ്.

ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടാണോ കെ സുരേന്ദ്രനെതിരെ ശബ്ദിക്കാൻ പിണറായി വിജയനും എം വി ഗോവിന്ദനും ഒക്കെ ഭയപ്പെടുന്നത് ? എന്തെങ്കിലും നാക്കുപിഴകൾ കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും വീഴുമ്പോൾ വലിയ പ്രതികരണങ്ങൾ നടത്തുന്ന സി പി എം നേതാക്കളുടെയും സഹയാത്രികരുടെയും നാവിറങ്ങി പോയിരിക്കുന്നു.

രാഷ്ട്രീയമായി എതിര്‍ചേരിയിൽ ആണെങ്കിലും ഈ വിഷയത്തിൽ സിപിഎമ്മിനെ പോലെ ബിജെപിയെ ഭയന്ന് മിണ്ടാതിരിക്കാൻ കോൺഗ്രസ്സിനാവില്ല. സിപിഎമ്മിലെ സ്ത്രീകളെ അപമാനിച്ച ബിജെപി നേതാവ് കെ. സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണം. കെ സുരേന്ദ്രനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ധൈര്യവും കാണിക്കണം.

Post a Comment

Previous Post Next Post