ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ അപകടം: മരിച്ച മലയാളികളുടെ എണ്ണം നാലായി

(www.kl14onlinenews.com)
(26-Mar-2023)

ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ അപകടം: മരിച്ച മലയാളികളുടെ എണ്ണം നാലായി
ദോഹ :ദോഹയിലെ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ശനിയാഴ്ച വൈകിട്ടോടെ ഒരു മലയാളിയുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. കാസർകോട് പുളിക്കൂർ സ്വദേശി മുഹമ്മദ്‌ അഷ്‌റഫ് എന്ന അച്ചപ്പു (38) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മൂന്നു മലയാളികൾ ഉൾപ്പെടെ മരിച്ചവരുടെ എണ്ണം നാലായി. ഇർഫാന ആണ് മുഹമ്മദ്‌ അഷ്‌റഫിന്റെ ഭാര്യ. ഇരട്ടക്കുട്ടികളടക്കം നാലു മക്കളുണ്ട്.

പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണൂറയിലിന്റെ (44) മൃതദേഹമാണ് രാവിലെ കണ്ടെടുത്തത്. തകർന്നു വീണ കെട്ടിടത്തില്‍ നൗഷാദിനൊപ്പം മുറിയില്‍ താമസിച്ചിരുന്ന ദോഹയിലെ പ്രശസ്ത ഗായകനും ചിത്രകാരനുമായിരുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശി ഫൈസല്‍ കുപ്പായി (49) യുടെ മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ കണ്ടെടുത്തിരുന്നു. ഝാര്‍ഖണ്ട് സ്വദേശിയായ ആരിഫിന്റെ മരണമാണ് അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

ദോഹയിലെ ഫാല്‍ക്കണ്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായിരുന്നു മരിച്ച നൗഷാദ്. ഭാര്യ: ബില്‍ഷി. മക്കള്‍: മുഹമ്മദ് റസല്‍, റൈസ. വെള്ളിയാഴ്ച രാത്രിയോടെയാണ് മലപ്പുറം നിലമ്പൂര്‍ സ്വദേശിയും ദോഹയിലെ ഗായകനും ചിത്രകാരനുമായ ഫൈസല്‍ കുപ്പായിയുടെ മൃതദേഹവും കണ്ടെടുത്തത്. ഫൈസലിനൊപ്പം ഒരു മുറിയില്‍ താമസിച്ചിരുന്ന ആളാണ് നൗഷാദും.

ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ബി റിങ് റോഡിലെ മന്‍സൂറയിലെ ബിന്‍ ദുര്‍ഹാം ഏരിയയില്‍ സ്ഥിതി ചെയ്തിരുന്ന നാലു നില കെട്ടിടം തകര്‍ന്നു വീണത്. അപകടം നടന്നയുടന്‍ ഏഴു പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു. ഒരാളുടെ മരണവും സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച 2 സ്ത്രീകളെയും ജീവനോടെ രക്ഷപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നു. ആഭ്യന്തര മന്ത്രാലയം, സിവില്‍ ഡിഫന്‍സ്, പൊലീസ്, സേര്‍ച്ച് ആന്‍ഡ് റസ്‌ക്യൂ ടീം എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Post a Comment

Previous Post Next Post