നിയമസഭയിലെ കയ്യാങ്കളി; ഭരണ- പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ്

(www.kl14onlinenews.com)
(16-Mar-2023)

നിയമസഭയിലെ കയ്യാങ്കളി; ഭരണ- പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ്

നിയമസഭയിലെ സംഘര്‍ഷത്തില്‍ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ചാലക്കുടി എംഎല്‍എ സനീഷിന്റെ പരാതിയില്‍ ഭരണ പക്ഷ എംഎല്‍എമാരായ എച്ച്. സലാം,സച്ചിന്‍ദേവ്, അഡി. ചീഫ് മാര്‍ഷല്‍ മൊയ്ദ്ദീന്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സ്പീക്കറുടെ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ മ്യൂസിയം പോലീസാണ് കേസെടുത്തത്. മര്‍ദ്ദിക്കുക, പരിക്കേല്‍പ്പിക്കുക തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

അതേസമയം ഉമാ തോമസ്, കെ.കെ. രമ, ഐ.സി ബാലകൃഷ്ണന്‍, റോജി എം ജോണ്‍, അനൂപ് ജേക്കബ്, പി കെ. ബഷീര്‍ എന്നീ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വനിത വാച്ച് ആന്‍ഡ് വാര്‍ഡന്‍ നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഭീഷണി,സംഘം ചേര്‍ന്നുള്ള ആക്രമണം, ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, പരിക്കേല്‍പ്പിക്കല്‍ എന്നിവയാണ് മ്യൂസിയം പൊലീസ് ചുമത്തിയ വകുപ്പുകള്‍.

ഭരണ പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

ഭരണ പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. അടിയന്തിരപ്രമേയ നോട്ടീസ് തുടർച്ചയായി നിരാകരിച്ചതിനെതിരെ പ്രതിപക്ഷം ഇന്നലെ സ്പീക്കറുടെ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ എത്തിയിരുന്നു. വിഷയത്തിൽ ഇന്ന് സഭയിൽ സംസാരിച്ച സ്പീക്കർ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് പറഞ്ഞു. എന്നാൽ തങ്ങൾ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും വാച്ച് ആന്റ് വാർഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മറുപടി പറഞ്ഞു. തുടർന്ന് നടന്ന ബഹളത്തിൽ നടപടികൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

സ്പീക്കർ ഇരിക്കുമ്പോൾ തന്നെ മുഖം മറച്ചു ബാനർ ഉയർത്തിയതിനും സഭയിലെ തന്റെ ഓഫീസിന് മുന്നിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോൺ വഴി പുറത്ത് പോയതിനും സ്പീക്കർ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി. പിന്നീട് ചോദ്യോത്തര വേള പുരോഗമിക്കുന്നതിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭാ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്ന് രാവിലെ സ്പീക്കർ വിളിച്ചു ചേർത്ത കക്ഷി നേതാക്കളുടെ യോഗത്തിൽ പ്രതിപക്ഷം വാച്ച് ആന്റ് വാർഡിനും ഭരണകക്ഷി എംഎൽഎമാർക്കും എതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post