കളനാട് റെയിൽവേ മേൽപാലത്തിന്റെ സംരക്ഷണ ഭിത്തി തകർന്നു; നന്നാക്കാൻ നടപടിയില്ല

(www.kl14onlinenews.com)
(07-Mar-2023)

കളനാട് റെയിൽവേ മേൽപാലത്തിന്റെ സംരക്ഷണ ഭിത്തി തകർന്നു; നന്നാക്കാൻ നടപടിയില്ല
ഉദുമ : കളനാട് റെയിൽവേ മേൽപാലത്തിന്റെ സംരക്ഷണ ഭിത്തി തകർന്നു 2 മാസത്തോളമായിട്ടും നന്നാക്കിയില്ല. കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയിലെ കളനാട് റെയിൽവേ മേൽപ്പാലത്തിന്റെ സംരക്ഷണ ഭിത്തിയാണ് തമിഴ്നാട്ടിൽ നിന്നു പേപ്പർ റീലുകളുമായി എത്തിയ ലോറി തട്ടി തകർന്നത്. ഈ പാലത്തിൽ അപകടങ്ങൾ പതിവാണ്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങളാണ് രാത്രിയും പുലർച്ചെയും അപകടത്തിൽപ്പെടുന്നത്.

പാലത്തിനോട് ചേർന്നുള്ള വളവ് ശ്രദ്ധയിൽ പെടാത്തതാണ് അപകടത്തിന് പ്രധാന കാരണം. അശാസ്ത്രീയമായ റോഡ് നിർമാണവും വളവുകളുമാണ് അപകടങ്ങൾക്ക് കാരണമെന്ന് പരിസരവാസികൾ പറയുന്നു. ഇവിടെ അപകടസൂചന നൽകുന്ന മുന്നറിയിപ്പ് ബോർഡുകളില്ല. ഈ ഭാഗത്ത് രാത്രി വെളിച്ചവുമില്ല. വാഹനാപകടത്തിൽ മേൽപാലത്തിന്റെ സംരക്ഷണ ഭിത്തി തകർന്നത് അധികൃതർ തിരി​ഞ്ഞുനോക്കിയിട്ടില്ല. തകർന്ന ഭിത്തിയിൽ നിന്നു കൈയ്യെത്തും ദൂരത്ത് ഉയർന്ന വോൾട്ടേജിൽ വൈദ്യുതി പ്രവഹിക്കുന്ന റെയിൽവേയുടെ വൈദ്യുതി കമ്പി കടന്നു പോകുന്നുണ്ട്. ഇതും അപകടഭീതി ഉയർത്തുന്നു.


ഭിത്തിയുടെ തകർച്ചയ്ക്ക് കാരണമായ അപകടം വരുത്തിയ വാഹനം പൊലീസ് വിട്ടു കൊടുക്കുന്നതിന് മുൻപ് ഉടമയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നത് പതിവാണ്. എന്നിട്ടും സംരക്ഷണഭിത്തി പുനർനിർമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മൂന്ന് വർഷം മുൻപും സംരക്ഷണ ഭിത്തി തകർത്ത മറ്റൊരു വാഹന അപകടം ഇവിടെ നടന്നിരുന്നു. അപകടം നടന്ന് ഏറെക്കാലത്തിന് ശേഷമാണു ആ ഭാഗത്തെ ഭിത്തി പുനർനിർമിച്ചത്.

Post a Comment

Previous Post Next Post