ബ്രഹ്മപുരം തീപിടുത്തം; വിഷയം ഇന്ന് ഹൈക്കോടതി പരിഗണിക്കും

(www.kl14onlinenews.com)
(07-Mar-2023)

ബ്രഹ്മപുരം തീപിടുത്തം; വിഷയം ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി :
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് ഡിവിഷൻ ബ‌‍ഞ്ച് പരിഗണിക്കും. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നല്‍കിയ കത്തിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

ദിവസങ്ങൾ കഴിഞ്ഞിട്ടും നഗരത്തിൽ ഉയരുന്ന വിഷപ്പുക കൊണ്ട് ശ്വാസം മുട്ടുകയാണ് കൊച്ചി. പുക അടക്കാനും തീ പൂര്‍ണമായും ഇല്ലാതാക്കാനും നഗരസഭയ്ക്കും ജില്ലാ ഭരണകൂടത്തിനും പൂര്‍ണമായും കഴിയാതെ വന്നതോടെയാണ് ഹൈക്കോടതി ജസ്‌റ്റിസിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുന്നത്. സംഭവത്തില്‍ സ്വീകരിച്ച നടപടികള്‍ എന്താണെന്ന് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്ന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും എന്നാണ് അറിയിച്ചിട്ടുള്ളത്. നാല് മീറ്റർ വരെ താഴ്‌ചയിൽ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്

മുന്‍കരുതലിന്റെ ഭാഗമായി ഇന്നും കൊച്ചിയിലും സമീപ പ്രദേശങ്ങളിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അങ്കണവാടികൾ, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.


Post a Comment

أحدث أقدم