പരീക്ഷ ചൂടിലേക്ക് വിദ്യാര്‍ഥികള്‍; എസ്എസ്എല്‍സി പരീക്ഷകള്‍ ഇന്ന് മുതല്‍

(www.kl14onlinenews.com)
(09-Mar-2023)

പരീക്ഷ ചൂടിലേക്ക് വിദ്യാര്‍ഥികള്‍; എസ്എസ്എല്‍സി പരീക്ഷകള്‍ ഇന്ന് മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് ആരംഭിക്കും. പരീക്ഷയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ചൂട് കൂടുന്നത് കണക്കിലെടുത്ത് വിദ്യാർഥികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

29 നാണ് പരീക്ഷ അവസാനിക്കുന്നത്. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളും പരീക്ഷ എഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്.

എയ്ഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.

ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ആകെ പതിനെട്ടായിരത്തിൽ അധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും.

മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിയ്ക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മെയ് രണ്ടാം വാരത്തിൽ റിസൾട്ട് പ്രസിദ്ധീകരിയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
വിദ്യാർഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും മന്ത്രി പറഞ്ഞു.


Post a Comment

Previous Post Next Post