ഉംറ നിർവഹിക്കാന്‍ സൗദിയിലെത്തി സാനിയ മിര്‍സ

(www.kl14onlinenews.com)
(22-Mar-2023)

ഉംറ നിർവഹിക്കാന്‍ സൗദിയിലെത്തി സാനിയ മിര്‍സ

ടെന്നിസ് കോര്‍ട്ടിനോട് വിടപറഞ്ഞതിന് പിന്നാലെ ഉംറ നിർവഹിക്കാന്‍ സൗദി അറേബ്യയിലെത്തി ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സ. കുടുംബ സമേതമാണ് സാനിയ എത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. മകന്‍ ഇഹ്സാൻ മിര്‍സ മാലിക്, മാതാപിതാക്കളായ ഇമ്രാൻ മിർസ, നസീമ മിർസ, സഹോദരി അനാം മിർസ, സഹോദരീ ഭർത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീൻ തുടങ്ങിയവരാണ് കൂടെയുള്ളത്. എന്നാൽ, ഭർത്താവ് ഷുഹൈബ് മാലിക് സാനിയക്കൊപ്പമില്ല. മദീനയിലെ പ്രശസ്തമായ മസ്ജിദുന്നബവിയില്‍നിന്നും ഹോട്ടൽ മുറിയിൽനിന്നുമൊക്കെയുള്ള ചിത്രങ്ങൾ കൂട്ടത്തിലുണ്ട്.

‘അല്ലാഹുവിന് നന്ദി, നമ്മുടെ പ്രാർഥനകള്‍ അവന്‍ സ്വീകരിക്കട്ടെ’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ക്ക് പങ്കുവെച്ചത്. ഇതിന് താഴെ മുൻ ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പത്താൻ ‘ആമീൻ’ എന്ന് മറുപടിയുമിട്ടിട്ടുണ്ട്. നടി ഹുമ ഖുറേഷിയും ഇമോജികളിട്ട് പ്രതികരിച്ചു.

ജനുവരി 26ന് ആസ്ട്രേലിയന്‍ ഓപണോടെ ഗ്രാന്‍ഡ്സ്ലാം കരിയറിന് താരം വിരാമമിട്ടിരുന്നു. രോഹണ്‍ ബൊപ്പണ്ണക്കൊപ്പം മിക്‌സഡ് ഡബിള്‍സില്‍ ഫൈനലിലെത്തിയെങ്കിലും ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. ദുബൈ ഡ്യൂട്ടിഫ്രീ ചാമ്പ്യൻഷിപ്പ് ആയിരുന്നു അവസാന ടൂർണമെന്റ്. ഇതിൽ യു.എസ് താരം മാഡിസൺ കീസിനൊപ്പം ഇറങ്ങിയ സാനിയ ഒന്നാം റൗണ്ടിൽ റഷ്യൻ ജോഡികളായ വെറോണിക കുദർമെറ്റോവ, സാംസനോവ എന്നിവക്ക് മുന്നിൽ അടിയറവ് പറഞ്ഞതോടെയാണ് രണ്ടുപതിറ്റാണ്ട് നീണ്ട കരിയറിന് വിരാമമായത്.

ഇന്ത്യയിൽനിന്ന് വനിത ടെന്നിസിൽ സമാനതകളില്ലാത്ത ഉയരങ്ങൾ താണ്ടിയാണ് സാനിയ കളി നിർത്തിയത്. കരിയറിൽ 43 ഡബ്ല്യു.ടി.എ കിരീടങ്ങളും ഒരു സിംഗിൾസ് ട്രോഫിയും നേടി. 2003ൽ ആദ്യമായി പ്രഫഷനൽ ടെന്നിസിൽ ഇറങ്ങിയ താരം മാർടിന ഹിംഗിസിനൊപ്പം മൂന്നു തവണ ഗ്രാൻഡ്സ്ലാം കിരീടം ചൂടിയിട്ടുണ്ട്. മറ്റുള്ളവ​ർക്കൊപ്പം മൂന്നെണ്ണം കൂടി നേടി. മിക്സഡ് ഡബ്ൾസിൽ മഹേഷ് ഭൂപതിക്കൊപ്പം 2009 ആസ്ട്രേലിയൻ ഓപൺ, 2012 ഫ്രഞ്ച് ഓപൺ കിരീടങ്ങൾ നേടി. റിയോ ഒളിമ്പിക്സിൽ മെഡൽ നേട്ടത്തിനരികെയെത്തിയതാണ് മറ്റൊരു നേട്ടം.


Post a Comment

Previous Post Next Post