ഗോളിനെച്ചൊല്ലി തർക്കം; മല്‍സരം ബ്ലാസ്റ്റേഴ്സ് ബഹിഷ്കരിച്ചു; നാടകീയം

(www.kl14onlinenews.com)
(03-Mar-2023)

ഗോളിനെച്ചൊല്ലി തർക്കം; മല്‍സരം ബ്ലാസ്റ്റേഴ്സ് ബഹിഷ്കരിച്ചു; നാടകീയം
ബെംഗളൂരു: ഐഎസ്എല്‍ ആദ്യ നോക്കൗട്ട് മത്സരത്തിന് നാടകീയാന്ത്യം. ശ്രീകണ്ഠീരവയില്‍ നടക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്‌ബെംഗളൂരു എഫ്‌സി മത്സരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഗോള്‍ രഹിതമായ നിശ്ചിത സമയത്തിന് ശേഷം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ ബെംഗളൂരു ഗോളടിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മൈതാനം വിട്ടു. ഇതോടെ മത്സരം വിജയിച്ച ബെംഗളൂരു സെമിയില്‍ പ്രവേശിച്ചു.

എക്‌സ്ട്രാ ടൈമില്‍ 96-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് വേഗത്തില്‍ വലയിലാക്കി ബെംഗളൂരുവിനായി സുനില്‍ ഛേത്രിയാണ് ഗോളടിച്ചത്. എന്നാല്‍ താരങ്ങള്‍ തയ്യാറാകുന്നതിന് മുന്നെയാണ് കിക്കെടുത്തതെന്നും അതിനാല്‍ ഗോള്‍ അനുവദിക്കരുതെന്നും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചു. റഫറി ഗോള്‍ അനുവദിച്ചതിന് പിറകെ കോച്ച് ഇവാന്‍ വുകോമനോവിച്ച് താരങ്ങളോട് മൈതാനം വിടാന്‍ നിര്‍ദേശിക്കുകയായിരുന്നു.

വാശിയേറിയ ആദ്യ പകുതിയില്‍ പന്തടക്കത്തിലും പാസിങ്ങിലും ബ്ലാസ്റ്റേഴ്‌സും ആക്രമണങ്ങളില്‍ ബെംഗളൂരുവും ആധിപത്യം പുലര്‍ത്തിയ കാഴ്ചയായിരുന്നു. രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഊര്‍ജം വീണ്ടെടുത്തെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. ബോക്‌സിലേക്കുള്ള ക്രോസുകളും ഫിനിഷിംഗുമെല്ലാം പിഴച്ചു. 71-ാം മിനിറ്റില്‍ ഡാനിഷ് ഫാറൂഖിന് പകരം സഹല്‍ അബ്ദുള്‍ സമദ് കളത്തിലെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് വേഗം കൂടി. പിന്നാലെ ലഭിച്ച കോര്‍ണര്‍ കിക്കുകള്‍ മുതലാക്കാന്‍ കൊമ്പന്മാര്‍ക്ക് സാധിക്കാതെ പോയി. 83-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ആയുഷിന്റെ ക്രോസ് ദിമിത്രിയോസിന് മുതലാക്കാനായില്ല. 87-ാം മിനിറ്റില്‍ പന്ത് വളച്ച് വലയിലാക്കാനുള്ള സഹലിന്റെ ശ്രമം ഫലിക്കാത്തതും 90 മിനിറ്റുകളില്‍ തിരിച്ചടിയായി.

ഗോള്‍ രഹിതമായതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. തുടക്കത്തിലെ രാഹുല്‍ കെ പി യുടെ ഷോട്ട് ലൂണ ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും പോസ്റ്റിന് തൊട്ടരികിലൂടെ കടന്നുപോവുകയായിരുന്നു. പിന്നാലെ സുനില്‍ ഛേത്രി നല്‍കിയ പാസ് റോയ് കൃഷ്ണക്കും ഗോളാക്കാനായില്ല. പിന്നീട് ഛേത്രിയെ ഫൗള്‍ ചെയ്തതിന് ബെംഗളൂരുവിന് ഫ്രീകിക്ക് ലഭിക്കുകയായിരുന്നു. 96-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ അണി നിരക്കുന്നതിന് മുന്നെ ഛേത്രി പന്ത് ചിപ്പ് ചെയ്ത് വലയിലാക്കി. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും കോച്ചും ഇത് ഗോളല്ലെന്ന് വാദിച്ചു. റഫറി ഗോള്‍ അനുവദിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് താരങ്ങളെ മൈതാനത്തിന് പുറത്തേക്ക് വിളിച്ചു. ഇതോടെ മത്സരം പൂര്‍ത്തിയാകുന്നതിന് മുന്നെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ കളം വിടുകയായിരുന്നു.

Post a Comment

أحدث أقدم