സ്റ്റാര്‍ക്ക് പേടിയില്‍ ഇന്ത്യ; ഓസീസിനെതിരായ മൂന്നാം ഏകദിനം ഇന്ന്

(www.kl14onlinenews.com)
(22-Mar-2023)

സ്റ്റാര്‍ക്ക് പേടിയില്‍ ഇന്ത്യ; ഓസീസിനെതിരായ മൂന്നാം ഏകദിനം ഇന്ന്
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം ഇന്ന്. നിലവില്‍ മൂന്ന് കളികളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഓരോന്ന് വീതം വിജയിച്ചു. ഇന്നത്തെ മത്സരം വിജയിക്കുന്നവര്‍ക്ക് പരമ്പര നേടാം. ഉച്ച തിരിഞ്ഞ് ഒന്നരയ്ക്ക് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

ബാറ്റിങ്ങാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. രണ്ട് ഏകദിനങ്ങളിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ചേരുന്ന മുന്‍നിരയ്ക്ക് ശോഭിക്കാനായിട്ടില്ല. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍ മാത്രമാണ് അല്‍പ്പമെങ്കിലും അതിജീവിച്ചത്.

ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നീ ഓള്‍ റൗണ്ടര്‍മാര്‍ മുന്‍നിര തകര്‍ന്നാല്‍ ടീമിനെ തിരിച്ചെത്തിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് തെളിയിക്കുന്നതില്‍ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു. ആദ്യ ഏകദിനത്തില്‍ ചെറിയ സ്കോര്‍ പിന്തുടരുന്നതിനാല്‍ സമ്മര്‍ദം കുറവായിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ഹാര്‍ദിക്കിനും ജഡേജയ്ക്കും ശോഭിക്കാനായിരുന്നില്ല.

ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയെ ബോളിങ് മികവുകൊണ്ടായിരുന്നു കീഴടക്കിയത്. 188 റണ്‍സില്‍ ഓസീസിനെ ഒതുക്കാനായിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ഒരു അവസരവും കൊടുക്കാതെയായിരുന്നു ട്രാവിസ് ഹെഡിന്റേയും മിച്ചല്‍ മാര്‍ഷിന്റേയും ബാറ്റിങ്. ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം 11 ഓവറിലാണ് സന്ദര്‍ശകര്‍ മറികടന്നത്.

പന്തെടുത്ത ഇന്ത്യന്‍ ബോളര്‍മാരെല്ലാം ഓസീസ് ഓപ്പണര്‍മാരുടെ ബാറ്റിന്റെ ചൂടറിഞ്ഞു. പാണ്ഡ്യ മൂന്ന് സിക്സറുകള്‍ വഴങ്ങിയ ഓവര്‍ വരെ മത്സരത്തിലുണ്ടായി. അതിനാല്‍ തന്നെ ബോളിങ് നിരയ്ക്കും മൂന്നാം ഏകദിനം നിര്‍ണായകമാണ്. പ്രത്യേകിച്ചും ഏകദിന ലോകകപ്പ് ഓക്ടോബറില്‍ ആരംഭിക്കുമെന്ന സൂചന പുറത്ത് വന്ന പശ്ചാത്തലത്തില്‍.

Post a Comment

أحدث أقدم