വേനലിൽ വെന്തുരുകി കേരളം; പുഴകളിലെ മീനുകൾ ചത്തു പൊങ്ങുന്നു, നേരിട്ട് വെയിലേൽക്കരുതെന്ന് നിർദ്ദേശം

(www.kl14onlinenews.com)
(08-Mar-2023)

വേനലിൽ വെന്തുരുകി കേരളം; പുഴകളിലെ മീനുകൾ ചത്തു പൊങ്ങുന്നു, നേരിട്ട് വെയിലേൽക്കരുതെന്ന് നിർദ്ദേശം
ഹൊ എന്തൊരു ചൂട്.... മലയാളികൾ ആകാശത്തേക്ക് നോക്കി നെടുവീർപ്പിടുകയാണിപ്പോൾ. എക്കാലത്തെയും മികച്ച ഉഷ്ണമാണ് ഈ വർഷത്തേത്. വരും ദിവസവും ചൂട് കൂടുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. കാര്യമായ മഴയ്ക്ക് സാദ്ധ്യതയില്ലാത്തതിനാലാണിത്. കണ്ണൂർ ജില്ലയിലാണ് ഈ വേനൽ കാലത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്നതാപനില രേഖപ്പെടുത്തിയത്.

കണ്ണൂർവിമാനത്താവളത്തി്ൽ മാർച്ച് നാലിന് 41 ഡിഗ്രി സെൽഷ്യസായിരുന്നു പകൽതാപനില. കണ്ണൂർ ടൗണിൽ 37.1 ഡിഗ്രി രേഖപ്പെടുത്തി. തൃശൂർ ജില്ലയിലും കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. 37.4 വെള്ളാനിക്കരയിൽ അനുഭവപ്പെട്ടു. പുനലൂരിൽ 36.6 , കൊച്ചിരാജ്യാന്തരവിമാനത്താവളത്തിൽ 36.2 എന്നിങ്ങനെയായിരുന്നു താപനില. കോട്ടയത്തും 36.5 ഡിഗ്രി രേഖപ്പെടുത്തി. മിക്ക ജില്ലകളിലും 35 ലേക്ക് പകൽതാപനില ഉയർന്നിട്ടുണ്ട്.

11 മണി മുതൽ മൂന്നുമണിവരെ നേരിട്ട് വെയിലേൽക്കുന്നത് കഴിവതും ഒഴിവാക്കണം. പുറത്തു ജോലിചെയ്യുന്നവരുടെ ജോലിസമയം തൊഴിൽവകുപ്പ് പുനക്രമീകരിച്ചിട്ടുണ്ട്. തീപിടുത്തം ഒഴിവാക്കാനായി പ്രത്യേക ജാഗ്രതപാലിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ചൂട് കൂടുന്നതിനാൽ പുഴയിൽ മത്സ്യ ലഭ്യത കുറഞ്ഞു.

പലയിടത്തും മത്സ്യം ചത്തുപൊങ്ങുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ കടക്കുന്നു. ഉൾനാടൻ മത്സ്യബന്ധനം വലിയ പ്രതിസന്ധിയാണ് തൃശൂർ ജില്ലയിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ മേഖലയിലെ മത്സ്യത്തൊഴിലാളികൾ രൂക്ഷമായ പ്രതിസന്ധിയിലാണ് ഇപ്പോൾ. നേരത്തെ സുലഭമായി ലഭിച്ചുകൊണ്ടിരുന്ന കണമ്പ്, തിരുത, പൂമീൻ, വറ്റ എന്നിവ ഇപ്പോൾ ലഭിക്കാറില്ല. കക്കയും ചത്തുപൊന്തുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.

Post a Comment

Previous Post Next Post