(www.kl14onlinenews.com)
(21-Mar-2023)
കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ പരോളില്‍ പുറത്തിറങ്ങി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹൈക്കോടതിയാണ് രണ്ട് ദിവസത്തെ പരോള്‍ അനുവദിച്ചത്. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ കഴിഞ്ഞിരുന്ന ജയാനന്ദനെ മാള പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷമായിരുന്നു വീട്ടിലേക്ക് കൊണ്ടുപോയത്. രണ്ട് ദിവസവും ഇയാള്‍ക്ക് പൊലീസ് അകമ്പടിയുണ്ടാകും.
ഇന്ന് രാവിലെയാണ് മാള പൊയ്യയിലെ വീട്ടിലേക്ക് ജയാനന്ദനെ എത്തിച്ചത്. നേരത്തെ ഭാര്യ ഇന്ദിരയ്ക്ക് വേണ്ടി അഭിഭാഷകയായ മകള്‍ കീര്‍ത്തി ജയാനന്ദനാണ് ഹൈക്കോടതിയില്‍ ഹാജരായത്. 15 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ രണ്ട് ദിവസത്തെ ഉപാധികളോടുള്ള പരോളാണ് കോടതി അനുവദിച്ചത്.മാര്‍ച്ച് 22ന് ആണ് മകളുടെ വിവാഹം. 22ാം തീയതി 9 മണി മുതല്‍ 5 മണി വരെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാം.
ജയാനന്ദന്‍ ജയിലിലേക്ക് മടങ്ങുമെന്ന് ഭാര്യയും മകളും സത്യവാങ്മൂലം നല്‍കിയ ശേഷമാണ് കോടതി പരോള്‍ അനുവദിച്ചത്. തന്റെ വിവാഹമാണെന്നും അഭിഭാഷക എന്ന രീതിയിലല്ല ഹാജരായതെന്നും മകളെന്ന രീതിയിലാണ് അനുമതി തേടുന്നതെന്നും കീര്‍ത്തി വാദിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും പരോള്‍ അനുവദിക്കുകയായിരുന്നു. യൂണിഫോം ഒഴിവാക്കി സിവില്‍ വേഷത്തില്‍ വേണം പൊലീസുകാര്‍ അകമ്പടി നല്‍കേണ്ടതെന്നും കോടതി ഉത്തരവുണ്ട്.
ഏഴ് കേസുകളില്‍ പ്രതിയായിരുന്ന ജയാനന്ദനെ അഞ്ച് കേസുകളില്‍ കുറ്റവിമുക്തനാക്കിയിരുന്നു. പുത്തന്‍വേലിക്കര ദേവകി കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും സുപ്രീംകോടതി ഇടപെട്ട് ജീവപര്യന്തമാക്കി ശിക്ഷ ഇളവ് ചെയ്തു. 2021 ഡിസംബറിലായിരുന്നു അറസ്റ്റ്. സഹതടവുകാരുമായി കൊലപാതക വിവരം പങ്കുവെച്ചതാണ് ഈ കേസില്‍ റിപ്പറിനെ കുടുക്കിയത്. രണ്ട് തവണ ഇയാള്‍ ജയില്‍ ചാടിയിട്ടുണ്ട്. 2000ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും 2013ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പോണേക്കരയിലെ ഇരട്ടക്കൊലക്കേസില്‍ ഒന്നര പതിറ്റാണ്ട് നീണ്ട അന്വേഷണത്തിനൊടുവിലാണ് ജയാനന്ദനെ അറസ്റ്റ് ചെയ്തത്.
إرسال تعليق